സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി റവന്യൂ മന്ത്രി കെ.രാജൻ ഇന്നലെ പട്ടിക്കാട് സ്‌കൂളിൽ എത്തിയപ്പോൾ
പട്ടിക്കാട്. ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പുതിയ കെട്ടിടത്തിന്റെയും സ്‌കൂൾ ഗ്രൗണ്ടിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം തന്നെ ആരംഭിക്കുമെന്ന് ഒല്ലൂർ എംഎൽയും റവന്യൂ, ഭവന വകുപ്പ് മന്ത്രിയുമായ കെ. രാജൻ പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഇന്നലെ സ്‌കൂളിൽ എത്തിയതായിരുന്നു മന്ത്രി. പട്ടിക്കാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച രണ്ട് പ്രൊജക്ടുകളുടെ നിർമ്മാണമാണ് വൈകിയത്. മൂന്നു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ സ്‌കൂൾ കെട്ടിടത്തിന്റെയും മൂന്നു കോടി രൂപ ചെലവിൽ തന്നെ നിർമ്മിക്കാനുദ്ദേശിക്കുന്ന സ്‌കൂൾ ഗ്രൗണ്ടിന്റെ വിപുലീകരണവും. സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണം
ആദ്യം ഏറ്റെടുത്ത എജൻസിക്ക് പണികൾ നടത്താൻ കഴിയാഞ്ഞതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഇപ്പോൾ വീണ്ടും കിലയെ നിർമ്മാണം എൽപ്പിച്ചിട്ടുണ്ട്. കില ഏറ്റെടുത്ത് നിർമ്മാണപ്രവർത്തങ്ങൾ ആരംഭിക്കുന്ന ആദ്യത്തെ നാല് സ്‌കൂളുകളിൽ ഒന്നായി പട്ടിക്കാട് സ്‌കൂളിനെ ഉൾപ്പെടുത്തിയതായും ഈ അധ്യയന വർഷം പണികൾ തുടങ്ങാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ ഗ്രൗണ്ടിന്റെ നവീകരണവും വപുലീകരണവും വൈകാതെ തുടങ്ങാൻ കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പീച്ചി പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ സന്ദർശനം നടത്തിയ മന്ത്രിക്കൊപ്പം പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് സാവത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ രമേഷ്, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, സ്‌കൂൾ അധികൃതർ എന്നിവരും ഉണ്ടായിരുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments