പട്ടിക്കാട്. കുതിരാനിൽ നടപ്പിലാക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി അടിയന്തര സേവനങ്ങൾക്ക് ആവശ്യമായ ആംബുലൻസുകളും ക്രെയിനുകളും തുരങ്കമുഖത്ത് എത്തിച്ചു. രണ്ട് ആംബുലൻസുകളുടെയും ക്രെയിനുകളുടെയും സേവനം ഇരുപത്തിനാല് മണിക്കൂറും തുരങ്കത്തിൽ ലഭ്യമാക്കുമെന്ന് കമ്പനി പിആർഒ അജിത്ത് പ്രസാദ് പറഞ്ഞു. തുരങ്കത്തിനകത്ത് വാഹനങ്ങൾക്ക് അപകടങ്ങൾ ഉണ്ടാകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഉടനടി അവ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കുന്നതിനായി തുരങ്കത്തിന്റെ
കിഴക്കും പടിഞ്ഞാറും ഭാഗത്തായി ഓരോ ആംബുലൻസും ക്രെയിനും ആണ് സജ്ജമാക്കുന്നത്. കമ്മീഷണർ ആർ ആദിത്യ കഴിഞ്ഞദിവസം കുതിരാനിൽ സന്ദർശനം നടത്തിയപ്പോൾ ഇവിടെ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് കരാർ കമ്പനിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ട്രാഫിക് ട്യൂബുകളും, ഡിവൈഡറുകളും, സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കുന്ന പണികൾ പൂർത്തിയായിട്ടുണ്ട്. കൂടാതെ റോഡുകളിൽ ഹമ്പുകൾ സ്ഥാപിക്കുകയും അറ്റകുറ്റ പണികൾ നടത്തുകയും ചെയ്തു. ഇതോടെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് അധികാരികളുടെ നിർദ്ദേശപ്രകാരമുള്ള പണികൾ എല്ലാം പൂർത്തിയാക്കിയതായും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ട്രയൽ റൺ നടത്തിയതിനുശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കും എന്നും അജിത്ത് പ്രസാദ് പറഞ്ഞു.
0 Comments