കുതിരാനിലെ പഴയ റോഡിന്റെ ടാറിങ് പൂർത്തിയായി

പട്ടിക്കാട്. കുതിരാൻ ഒന്നാം തുരങ്കം തുറന്നതിനു ശേഷം പാലക്കാട് ഭാഗത്തേക്ക് മാത്രം വാഹനങ്ങൾ പോകുന്നതിനായി ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ റോഡിന്റെ ടാറിങ് പൂർത്തിയായി. പടിഞ്ഞാറെ തുരങ്കമുഖം മുതൽ ഇരുമ്പുപാലം വരെയുള്ള ഭാഗമാണ് ഫുൾ ടാറിങ് നടത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇതിലൂടെയുള്ള ഗതാഗതം നിരോധിക്കാനിരിക്കെ തിരക്ക് പിടിച്ച് ടാറിങ് നടത്തിയതിൽ നാട്ടുകാർ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. മാസങ്ങളായി പ്രദേശത്തെ റോഡിലെ തകർച്ചമൂലം വാഹനങ്ങൾ ഇതുവഴിയായി കടന്നുപോകുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി തവണ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാൻ ഒഴികെയുള്ള ഭാഗങ്ങളെല്ലാം നിർമ്മാണ കമ്പനിയായ കെഎംസി തന്നെയാണ് അറ്റകുറ്റ പണികൾ നടത്തുന്നത്. എന്നാൽ കുതിരാൻ മേഖല നോച്ച് ഇന്ത്യ പ്രോജക്റ്റ്‌സിനെയാണ് അറ്റകുറ്റ പണികൾക്കായി ദേശീയപാത അതോറിറ്റി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഈ കമ്പനിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ ടാറിങ് നടത്തിയിട്ടുള്ളത്. യാത്രക്കാരുടെ ദുരിത സമയത്ത് തിരിഞ്ഞു നോക്കാതിരുന്ന ദേശീയപാത അതോറിറ്റി ഇപ്പോൾ കരാർ കമ്പനിയെ സഹായിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.



Post a Comment

0 Comments