പട്ടിക്കാട്. കാർഷിക രംഗത്ത് മൂല്യവർധിത വസ്തുക്കളുടെ ഉൽപാദനം, അനുബന്ധ വ്യവസായങ്ങൾ, മെച്ചപ്പെട്ട വിപണന സൗകര്യങ്ങൾ എന്നിവ ഒരുക്കി കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ഉറപ്പാക്കാൻ അഗ്രി ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കാനൊരുങ്ങുകയാണ് പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്. വിലങ്ങന്നൂരിൽ ആരംഭിക്കുന്ന അഗ്രി ഇൻഡസ്ട്രിയൽ പാർക്കിലേക്ക് വിവിധ കാർഷിക മേഖലകളിൽ നിന്നുള്ള സംരംഭകരെ തേടുന്ന പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി ബാങ്കിന്റെ നേതൃത്വത്തിൽ വനിത അയൽക്കൂട്ടങ്ങൾക്കുൾപ്പെടെ സംരംഭകത്വ ക്ലാസ്സുകൾസംഘടിപ്പിച്ചുവരുന്നുണ്ട്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ്, അഗ്രി എൻട്രപ്രണർ ഡെവലപ്പ്‌മെന്റ് എന്നീ വിഷയങ്ങളിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൂവൻചിറ വാർഡിലെ വനിത അയൽക്കൂട്ട അംഗങ്ങൾക്കായി നടത്തിയ ക്ലാസ്സിന് ബാങ്ക് സെക്രട്ടറി എ.വി ജോജു നേതൃത്വം നൽകി. എഡിഎസ് ശോഭന , അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
0 Comments