കുതിരാനിലെ ഒന്നാം തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം ; ട്രയൽ റൺ വിജയകരം

ട്രയൽ റണ്ണിന്റെ ഭാഗമായി ഒന്നാം തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിട്ടപ്പോൾ

പട്ടിക്കാട്. കുതിരാനിലെ ഒന്നാം തുരങ്കത്തിലൂടെ തന്നെ പാലക്കാട് ഭാഗത്തേയ്ക്കും തൃശൂർ ഭാഗത്തേയ്ക്കുമുള്ള വാഹന ഗതാഗതം അനുവദിക്കുന്നതിന്റെ ഭാഗമായി നടത്തിയ ട്രയൽ റൺ വിജയകരം. ഇരുഭാഗത്തേക്കും  വാഹനങ്ങൾ കടത്തി വട്ടുകൊണ്ടാണ് ട്രയൽ റൺ നടത്തിയത്. ഈ ഗതാഗത പരിഷ്‌ക്കാരം തുടരുന്നതുമായി ബന്ധപ്പെട്ട്  ജില്ലാ ഭരണകൂടവുമായി ആലോചിച്ച് നടപടികളെടുക്കുമെന്ന് എസിപി കെ.സി സേതു പറഞ്ഞു. വയർലെസ്സ്  സംവിധാനവും സി സി ടിവി  ക്യാമറകളുമുപയോഗപ്പെടുത്തി 24 മണിക്കൂറും 


പോലീസ് ഗതാഗതം മോണിട്ടർ ചെയ്തുകൊണ്ടിരിക്കുമെന്നും ഏത് അടിയന്തര ഘട്ടത്തിലും പോലീസിന്റെ സാന്നിധ്യവും സഹായവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തുരങ്കത്തിനകത്തും വഴുക്കുംപാറ മുതൽ വില്ലൻ വളവുവരെയുള്ള റോഡിലും പോലീസിന്റെ നിർദ്ദേശപ്രകാരമുള്ള  ഗതാഗത നിയന്ത്രണ ഉപാധികൾ നേരത്തെ സ്ഥാപിച്ചിരുന്നു. രണ്ടാം തുരങ്കത്തിലേക്കുള്ള റോഡിന്റെ നിർമ്മാണത്തിനായി നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്ന പാത പൊളിച്ചു നീക്കേണ്ടതുകൊണ്ടാണ് ഒരു തുരങ്കത്തിലൂടെ തന്ന ഇരു ഭാഗത്തോക്കുമുള്ള വാഹനങ്ങൾ  കടത്തിവിടുന്നത്. ഈ പരിഷ്‌ക്കാരം നടപ്പിലാക്കിയാൽ ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള തുരങ്കത്തിലുടെ നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി വാഹനങ്ങളാണ്  കടന്നുപോവുക. ഇത് കണക്കിലെടുത്ത്  അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ആംബുലൻസും,  ക്രെയിനുകളും തുരങ്ക പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്.  തുരങ്കത്തിനകത്ത് ഓവർടേക്കിങ് കർശനമായി നിരോധിച്ചിട്ടുണ്ട്.  ട്രാഫിക് ബ്ലോക്കുകൾ പരിഹരിക്കുന്നതിനും അടിയന്തരസാഹചര്യമുണ്ടായാൽ  സഹായമെത്തിക്കുന്നതിനുമായി 24 മണിക്കൂറും പോലീസിന്റെ സേവനവും  തുരങ്കത്തിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.  എസിപി കെ.സി സേതു, പീച്ചി സിഐ എസ്.ഷുക്കൂർ, കരാർ കമ്പനി പിആർഒ അജിത് പ്രസാദ്  തുടങ്ങിയവർ ട്രയൽ റൺ നടപടികൾക്ക് നേതൃത്വം നൽകി.


Post a Comment

0 Comments