ടിപ്പർ ലോറികൾ പോലീസ് തടഞ്ഞു ; നീലിപ്പാറയിൽ ലോറി ഉടമകളുടെ പ്രതിഷേധം

ടോറസ് ലോറികൾ  ഹൈവേ പോലീസ് തടഞ്ഞതിനെ തുടർന്ന് നീലിപ്പാറയിൽ  ലോറി ഉടമകളും ജീവനക്കാരും പ്രതിഷേധിച്ചപ്പോൾ

വാണിയമ്പാറ. പാസ്സില്ലെന്ന കാരണം പറഞ്ഞ് നീലിപ്പാറയിൽ ടിപ്പർ ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ലോറി ഉടമകളും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. നീലിപ്പാറ കരിങ്കൽ ക്വാറിയിൽ നിന്ന് ലോഡുമായി വന്ന ഏഴ് ലോറികളെയാണ് വടക്കുഞ്ചേരി ഹൈവേ പോലീസിന്റെ നേതൃത്വത്തിൽ തടഞ്ഞത്. പാസ്സില്ലെന്നും  ഓവർ ലോഡാണെന്നും ചൂണ്ടിക്കാട്ടി ജിയോളജി ഡിപ്പാർട്ടുമെന്റിന് റിപ്പോർട്ട് നൽകുമെന്ന പോലീസ് അറിയിച്ചതിനെ തുടർന്നാണ് ഇവർ പ്രതിഷേധമാരംഭിച്ചത്. ഇതേ തുടർന്ന് കല്ലുമായി വന്ന ലോറികളെല്ലാം നീലിപ്പാറയിൽ നിർത്തിയിട്ടിരിക്കുകയാണ്. എന്നാൽ 


തങ്ങൾക്ക് പാസ്സുണ്ടായിരുന്നുവെന്നും അത് കാണിച്ചിട്ടും അംഗീകരിക്കാതെ തങ്ങൾക്കുനേരെ പോലീസ് മനപ്പൂർവ്വം നടപടി എടുക്കുകയാണെന്നും കേരള ടിപ്പർ ടോറസ് ഓണേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ പ്രസിഡൻറ് ഷിജു കാലായിൽ, സെക്രട്ടറി സുധീഷ് ഇന്ദ്രവജ്ര എന്നിവർ പറഞ്ഞു. ടേൺ തെറ്റിച്ച് ക്വാറിയിൽ നിന്ന് കല്ല് ആവശ്യപ്പെട്ട ലോറി ഉടമയായ പോലിസുകാരന് ക്വാറി ഉടമ കല്ല് നൽകാൻ വിസമ്മതിച്ചതിലുള്ള  പ്രതികാര നടപടിയാണ് തങ്ങൾക്ക് നേരിടേണ്ടി വരുന്നതെന്നും ലോറി ഉടമകൾ  ആരോപിച്ചു.  എന്നാൽ രാവിലെ പതിവുള്ള വാഹന പരിശോധനയ്ക്കിടെയാണ് പാസ്സില്ലാത്തതിനാൽ ഏഴ് ടോറസ് ലോറികളെ തടഞ്ഞതെന്നും നടപടിക്രമമനുസരിച്ച് ജിയോളജിക്ക് റിപ്പോർട്ട് നൽകുകയാണെന്നും വടക്കുഞ്ചേരി എസ്‌ഐ കെ.വി സുധീഷ് കുമാറും, എഎസ്‌ഐ ബിനോയ് മാത്യുവും പറഞ്ഞു. രാവിലെ എട്ടരയ്ക്കും ഒമ്പതിനുമിടയിൽ ലോറികൾ തടയുമ്പോൾ പാസ്സുകൾ ഇല്ലായിരുന്നുവെന്നും സ്‌കൂൾ സമയത്ത് വാഹനം പോകാൻ ജിയോളജി വകുപ്പ് അനുമതി നൽകുക പതിവില്ലെന്നും എസ്‌ഐ പറഞ്ഞു. ലോറി ഉടമകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പാലക്കാട് ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന അപൂർവ്വം  ക്വാറികളിലൊന്നാണ് നീലിപ്പാറയിലേത്. കല്ലിന് ക്ഷാമമുള്ളതിനാൽ  നിരവധി വാഹനങ്ങളാണ് കല്ലിനായി ക്വാറിയിലെത്തുന്നത്. ആഴ്ചയിൽ രണ്ടു ദിവസം ക്രമപ്രകാരം ടേൺ അനുസരിച്ചാണ് ടോറസ് ലോറികൾക്ക് കല്ലുകൾ നൽകുന്നത്.


Post a Comment

0 Comments