പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് ഹൈവേ ജങ്ഷനിലെ തെക്കുഭാഗത്തെ സർവ്വീസ് റോഡിലെ ഏതാനും ഭാഗത്താണ് ഇന്ന് ടാറിംഗ് നടത്തിയത്. ഇവിടെ റോഡ് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. കുഴികളടയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തകർന്ന ഭാഗം മുഴുവൻ ടാർ ചെയ്യുന്നത്. കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതുകൊണ്ടാണ് റോഡ് തകരുന്നത്. അതൊഴിവാക്കാൻ വേണ്ട പണികളൊന്നും നടത്തുന്നില്ല. അശാസ്ത്രീയമായ കാനനിർമ്മാണമാണ് മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയുടെ തകർച്ചയുടെ മുഖ്യകാരണം. പലയിടത്തും റോഡിനേക്കാൾ ഒന്നോ രണ്ടോ അടി ഉയരത്തിലാണ് കാനകൾ പണിതിട്ടിരിക്കുന്നത്. റോഡിൽ വീഴുന്ന മഴവെള്ളം സ്വാഭാവികമായും കാനകളിലേക്ക് ഒഴുകിയെത്തില്ല. കാന നിർമ്മാണത്തിലെ പാളിച്ചകൾ ഒറ്റ നോട്ടത്തിൽ ആർക്കും
മനസ്സിലാകും. റോഡിൽ എല്ലായിടത്തും വെള്ളക്കെട്ടാണ്. മഴക്കാലത്ത് ആറുവരി ദേശീയപാതയിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവർക്ക് ഇത് ബോധ്യമാകും. പുതിയ ഒരു റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പരിഗണിക്കേണ്ട ശാസ്ത്രീയമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ദേശീയപാതയുടെ നിർമ്മാണം നടന്നിരിക്കുന്നത് എന്ന് എഞ്ചിനീയറിംഗ് വിദഗ്ധരും ജനങ്ങളും രാഷ്ട്രീയ നേതാക്കളുമൊക്കെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹൈവേയുടെ അശാസ്ത്രീയ നിർമ്മാണങ്ങൾ ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. സാമാന്യ യുക്തിക്കുപോലും നിരക്കാത്ത സാങ്കേതിക വൈദഗ്ധ്യമാണ് ഇപ്പോഴും ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ കമ്പനി പിന്തുടരുന്നത്. ഒരു ബൃഹദ് പദ്ധതിയുടെ നിർമ്മാണത്തിലെ കൃത്യതയോ, എഞ്ചിനീയറിംഗിലെ മികവോ രൂപകൽപ്പനയിലെ സൗന്ദര്യമോ മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപ്പാതയ്ക്ക് ഒരിയ്ക്കലും അവകാശപ്പെടാനാവില്ല. നിർമ്മാണപ്രവർത്തനങ്ങൾ ഒരു പതിറ്റാണ്ടു പിന്നിട്ടിട്ടും ഇപ്പോഴും ഏച്ചുകെട്ടലാണ് എല്ലായിടത്തും. ഒരു ഘട്ടത്തിലും ഏതെങ്കിലും പണികൾ കൃത്യതയോടെ മുന്നോട്ടുപോവുകയോ പൂർത്തീകരിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നുള്ളതാണ് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നത്.
0 Comments