മാലിന്യമലയായി മാറി പാണഞ്ചേരിയിലെ ദേശീയപാതയോരങ്ങൾ: തോട്ടിലെ വെള്ളത്തിൽ കലരുന്നത് മാരക വിഷം


പട്ടിക്കാട്. മാലിന്യമലയായി മാറിക്കൊണ്ടിരിക്കുകയാണ് ദേശീയപാതയിൽ പാണഞ്ചേരി ബസ് സ്‌റ്റോപ്പു മുതൽ ചെമ്പൂത്ര വരെയുള്ള സർവ്വീസ് റോഡ് പരിസരം.  അറവു മാലിന്യങ്ങളും മനുഷ്യവിസർജ്ജ്യവും രാസവസ്തുക്കളുമുൾപ്പെടെയുള്ളവ പ്ലാസ്റ്റിക് ക്യാരി ബാഗുകളിലാക്കി ഇവിടെ തള്ളുകയാണ്. പരിസരത്തുകൂടി പോലും കടന്നുപോകാൻ കഴിയാത്തവിധം ദുർഗ്ഗന്ധം വമിക്കുകയാണ്. സർവ്വീസ് റോഡിന്റെ അരികിലൂടെ പോകുന്ന തോട്ടിലേക്ക് മാലിന്യങ്ങൾ എത്തുന്നത് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നു. തോട്ടിലൂടെ ഒഴുകുന്ന മനുഷ്യ വിസർജ്ജ്യങ്ങളും രാസവസ്തുക്കളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തോടിന്റെ ബണ്ടുപൊട്ടി പാടത്തേക്കും ജനവാസ മേഖലയിലേക്കുമാണ് എത്തുന്നത്. 2018
 
മുതൽ സ്ഥിരം വെള്ളക്കെട്ടിൽ കഴിയാൻ വിധിക്കപ്പെട്ട  പാണഞ്ചേരി മാനാങ്കോട് പ്രദേശങ്ങളിലെ മിക്ക വീടുകളുടെയും അകത്തു പോലും ഈ മാലിന്യങ്ങൾ എത്തുന്ന സ്ഥിതിയാണ്. ചെമ്പൂത്ര, പാണഞ്ചേരി പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്നത് കറുത്തിരുണ്ട മലിനജലമാണ്. ഇത് പ്രദേശത്തെ കിണറുകളും കുളങ്ങളും ഉൾപ്പെടെയുള്ള മറ്റ് ജലസ്രോതസ്സുകളെയും മലിനമാക്കുകയാണ്.  ജലം മലിനമാകുന്നതു മൂലമുണ്ടാകുന്ന മാരകമായ പകർച്ചവ്യാധികളെക്കുറിച്ചുള്ള ആശങ്കയിലാണ് പ്രദേശവാസികൾ. സാമൂഹ്യവിരുദ്ധർക്ക് യഥേഷ്ടം മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളാനുള്ള സ്ഥലമായി മാറിയിരിക്കുകയാണ് പാണഞ്ചേരി പഞ്ചായത്തിലെ ദേശീയപാതയോരങ്ങൾ. രാത്രി സമയത്ത് തൃശൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളാണ് ഏറെയും ഈ ഭാഗത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. സർവ്വീസ് റോഡിന്റെ ഓരത്ത് ഉടനീളം ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളുന്നു. റോഡിന്റെ പണികൾ പൂർത്തീകരിക്കാത്തതും പാതയോരങ്ങൾ കാടുവളർന്നതും സാമൂഹ്യവിരുദ്ധർക്ക് സൗകര്യമാവുകയാണ്. ദേശീയപാതാ അധികൃതർ അടിയന്തരമായി സർവ്വീസ് റോഡിന്റെ പണികളും തോടിന്റെ പുനർനിർമ്മാണവും പൂർത്തിയാക്കണമെന്നും പഞ്ചായത്ത് അധികൃതർ  ഇക്കാര്യത്തിൽ സാധ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിടികൂടാൻ പരിസരത്ത് ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ഇവർക്കെതിരെ  ആരോഗ്യവകുപ്പും പോലീസും നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments