പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ റൂട്ട് പുനർ നിർണ്ണയിക്കുന്ന കാര്യത്തിൽ പഞ്ചായത്ത് ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്നലെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ അവതരിപ്പിച്ച പ്രമേയം എൽഡിഎഫ് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് പാസ്സായില്ല. വഴുക്കുംപാറ വാർഡ് മെമ്പർ കെ.പി ചാക്കോച്ചൻ, പീച്ചി വാർഡ്‌മെമ്പർ ബാബു തോമസ് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. 23 അംഗ ഭരണസമിതിയിൽ അഞ്ച് യുഡിഎഫ് അംഗങ്ങളും രണ്ട് ബിജെപി അംഗങ്ങളും 16 എൽഡിഎഫ് അംഗങ്ങളുമാണ് ഉള്ളത്.
എൽഡിഎഫ് അംഗങ്ങൾ എല്ലാവരും പ്രമേയത്തെ എതിർത്തു. നിലവിൽ വിലങ്ങന്നൂരിൽനിന്ന് പീച്ചി ഡാം റോഡ് വഴി ദേശീയപാതയിലൂടെ വഴുക്കുംപാറയിൽ എത്തുന്ന റൂട്ടിന് പകരം പീച്ചി മയിലാട്ടുംപാറ മേഖലയിലൂടെ വഴുക്കുംപാറയിൽ എത്തുന്ന തരത്തിൽ പാണഞ്ചേരി പഞ്ചായത്തിലെ മലയോരമേഖലകൾക്കു കൂടി ഗുണകരമാകുന്ന തരത്തിൽ റൂട്ട് പുനർനിർണ്ണയിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് വാർഡ് മെമ്പർ ബാബു തോമസ് പറഞ്ഞു. ഈ ആവശ്യത്തെ മുൻ നിർത്തി പാണഞ്ചേരിയിലെ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള ക്യാമ്പയിൻ നടന്നുവരുന്നുണ്ട്. എന്നാൽ നാറ്റ്പാക്ക് നിശ്ചയിച്ചിരിക്കുന്ന റൂട്ടിലൂടെ തന്നെ മലയോര ഹൈവേ നിർമ്മിക്കണമെന്നാണ് സർക്കാരിന്റെ തീരുമാനമെന്നും ആ തീരുമാനത്തോട് യോജിക്കുന്നതിന്റെ ഭാഗമായാണ് ഇടതുപക്ഷ അംഗങ്ങൾ പ്രമേയത്തെ എതിർത്തതെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു. മലയോര ഹൈവേയുടെ റൂട്ട് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ലഭിച്ച ഹർജിയിൽ ഹർജിക്കാരുടെ വാദങ്ങൾ കൂടി കേട്ട് തീരുമാനമെടുക്കുന്നതിന് സർക്കാരിന് കോടതി നിർദ്ദേശം നൽകിയിരുന്നു. മലയോര ഹൈവേയുടെ റൂട്ട് മാറ്റുന്നത് പ്രൊജക്ട് കോസ്റ്റിൽ അധികച്ചെലവു വരുത്തുമെന്നും നിർമ്മാണത്തിൽ കാലതാമസമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി നാറ്റ്പാക്ക് നിശ്ചയിച്ച റൂട്ടിൽ തന്നെ മലയോരഹൈവേയുടെ നിർമ്മാണം നടത്താനാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നതെന്നും പ്രസിഡണ്ട് പറഞ്ഞു.
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments