തൃശൂർ. പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി സംസ്ഥാന സർക്കാർ കുറയ്ക്കാത്തത് ജനവഞ്ചനയാണെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. തൃശൂരിൽ കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെയും പ്രകൃതിക്ഷോഭങ്ങളുടേയും പശ്ചാത്തലത്തിൽ ജനജീവിതം ദുസ്സഹമായിരിക്കുമ്പോൾ അധിക നികുതി പിരിച്ചെടുക്കുന്നതിന് നീതീകരണമില്ല. ഇപ്പോൾ ഏറ്റവും ഉയർന്ന ഡീസൽ പെട്രോൾ വില
വർധനവിൽ ആറാം സ്ഥാനമാണ് കേരളത്തിന്റേത്. ഇതോടൊപ്പം ലിറ്ററിന് ഒരു രൂപ നിരക്കിൽ കിഫ്ബിയിലേക്കുള്ള സെസ്സും ഈടാക്കുന്നുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധന നികുതി വർധിപ്പിച്ചു എന്ന കുറ്റം പറഞ്ഞുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റേയും അധിക നികുതി കുറയ്ക്കില്ലെന്ന എൽഡിഎഫ് സർക്കാരിന്റെ നിലപാട് അപഹാസ്യമാണ് എന്നും അനൂപ് ജേക്കബ്ബ് പറഞ്ഞു. കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക, സാമ്പത്തിക സാഹചര്യം മനസ്സിലാക്കി അടിയന്തരമായി പെട്രോളിന്റേയും ഡീസലിന്റേയും അധിക നികുതി കുറയ്ക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.എം ഏലിയാസ് അധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിങ് ചെയർമാൻ എം.സി സെബാസ്റ്റ്യൻ സംസ്ഥാന നേതാക്കളായ പ്രൊഫ.ജോണി സെബാസ്റ്റ്യൻ കെ.ആർ. ഗിരിജൻ, ടി.എം. ദിവാകരൻ, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, ഷാജു വടക്കൻ, സി.എം ബാലസുന്ദരൻ, ശക്തിധരൻ എടമുട്ടം, ബാബു ചേലക്കര, മനീഷ് ഗുരുവായൂർ, കെ.ആർ സുനിൽ, കെ.കെ. സാവിത്രി, ആൽബിൻ പാക്കൽ, ഗോപി പൊയ്യാറ, സി.ഓ. എൽദോസ്, സിബി വട്‌ലായി, വികാസ് വിവേകാനന്ദൻ, കെ.എം ജയന്തി, കെ.എം ബാബു എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ്സ് (ജേക്കബ്ബ്) ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പാർട്ടി ലീഡർ അനൂപ് ജേക്കബ്ബ് എംഎൽഎ പ്രസംഗിക്കുന്നു
0 Comments