കുതിരാൻ രണ്ടാം തുരങ്കം: നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ എത്തി


പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഹരിത വി. കുമാർ കുതിരാൻ സന്ദർശിച്ചു. രണ്ടാം തുരങ്കത്തിനകത്തെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കളക്ടർ എല്ലാ മാസവും കുതിരാനിൽ എത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് വൈകീട്ട് ആറ് മണിയോടെ കളക്ടർ സ്ഥലത്തെത്തിയത്. രണ്ടാം തുരങ്കത്തിന്റെ കിഴക്ക് മുഖത്തുനിന്നും പടിഞ്ഞാറെ തുരങ്ക മുഖം വരെ നടന്ന് തുരങ്കത്തിന് അകത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കോൺക്രീറ്റ് റോഡിന്റെയും ഗ്യാന്ററി
 

കോൺക്രീറ്റിന്റെയും നിർമ്മാണ പുരോഗതി വിലയിരുത്തി. കഴിഞ്ഞ തവണ വന്നതിനേക്കാൾ നിർമ്മാണ പ്രവർത്തനങ്ങളിൽ പുരോഗതിയുള്ളതായി കളക്ടർ പറഞ്ഞു. കൂടാതെ പടിഞ്ഞാറെ തുരങ്ക മുഖത്ത് റോഡിലൂടെ പോകുന്ന കൾവർട്ടിന്റെ തുറന്നുകിടക്കുന്ന ഭാഗം എത്രയും പെട്ടെന്ന് അടയ്ക്കുവാൻ കളക്ടർ ഉത്തരവ് നൽകി. നിലവിൽ ഗതാഗതം നടത്തിക്കൊണ്ടിരിക്കുന്ന പഴയ റോഡ് പൊളിക്കുമ്പോൾ നടപ്പിൽ വരുത്തേണ്ട ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചും കളക്ടർ നിർമ്മാണ പ്രവർത്തകരുമായി ചർച്ച ചെയ്തു. ഇത്തരം കാര്യങ്ങളും പ്രധാന റോഡിന്റെ കണക്ഷൻ വർക്കും തീരുമാനിക്കുന്നതിന് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ യോഗം ചേരും. തുരങ്കത്തിലെ പ്രവർത്തനങ്ങൾക്കൊപ്പം തൊഴിലാളികളുടെ എണ്ണവും ജില്ലാ കലക്ടർ പരിശോധിച്ചു. നിർമ്മാണ കമ്പനി പ്രൊജക്ട് മാനേജർ ബൽറാം റെഡി, കമ്പനി പിആർഒ അജിത് കുമാർ എന്നിവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments