പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്. സ്വന്തം വീട്ടു മുറ്റത്തു പോലും ഒരു മൂടു കപ്പയോ ചേമ്പോ നട്ടു വളർത്താൻ കഴിയാത്ത ഗുരുതരമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ബാങ്കുളിൽ നിന്നും മറ്റും വായ്പയെടുത്ത വാഴയും കപ്പയും ചേനയും ചേമ്പും മറ്റ് പച്ചക്കറികളുമൊക്കെ കൃഷി ചെയ്യുന്ന കർഷകർ തകർച്ചയുടെ വക്കിലാണ്. കൃഷികൾ മുഴുവനായും കാട്ടുപന്നികൾ നശിപ്പിക്കുകയാണ്. വെളിച്ചം കണ്ടാൽ
ഓടിമറിഞ്ഞിരുന്ന പന്നികൾ ഇപ്പോൾ പകൽ വെളിച്ചത്തിലും യഥേഷ്ടം വിലസുന്നതായി കർഷകർ പറയുന്നു. രാത്രിയിൽ റോഡുകൾ കുറുകെ കടന്നുപോകുന്ന കാട്ടുപന്നിക്കൂട്ടങ്ങൾ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടമുണ്ടാക്കും. പയ്യനം കണ്ണാറ, മലമുക്ക് പ്രദേശങ്ങളിൽ ഇരുട്ടുവീണാൽ വീട്ടു മുറ്റത്തുപോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നുവെന്നാണ് നാട്ടുകാരുടെ അനുഭവ സാക്ഷ്യം. വേട്ട നിരോധിച്ചതോടെ ഇവ പെറ്റുപെരുകിയതാണ് നാട്ടിൽ കാട്ടുപന്നി ശല്യം ഇത്രത്തോളം വർധിക്കാൻ കാരണം. മലോര മേഖളകളിൽ കാട്ടാനയാക്രമണത്തിൽ കർഷകർ വലയുമ്പോൾ മലയോര മേഖലയെന്നോ ജനവാസ മേഖലയെന്നോ ഭേദം കൂടാതെ കാട്ടുപന്നികൾ കൃഷി മുഴുവനും നശിപ്പിക്കുകയാണ്. കാട്ടുപന്നി ചെന്നെത്താത്ത ഒരിടവുമില്ല. കൃഷിനാശം സംഭവിച്ച കർഷകർക്ക് സഹായമെത്തിക്കാൻ കൃഷിഭവനുകളും കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്തുവാൻ വനംവകുപ്പും അടിയന്തര ഇടപെടൽ നടത്തണമെന്നാണു കർഷകരുടെ ആവശ്യം.
0 Comments