വാണിയമ്പാറ. കേരളത്തിലെ ഇടതുപക്ഷ സർക്കാർ എല്ലാ കാലത്തും ഏറ്റവും സാധാരണക്കാരായ തൊഴിലാളികൾക്ക് ഒപ്പമായിരുന്നു നിലകൊണ്ടത് എന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. വാണിയമ്പാറയിൽ എഐടിയുസി ചുമട്ടുതൊഴിലാളി യൂണിയന്റെ 45-ാം വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുമ്പോൾ തൊഴിൽ സുരക്ഷിതത്വമെന്നത് ഒരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ആവശ്യമായ നിയമനിർമ്മാണം നടത്തി
തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എ അബൂബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എഐടിയുസി ഒല്ലൂർ മണ്ഡലം സെക്രട്ടറി പി.ഡി റെജി, ആലത്തൂർ മണ്ഡലം സെക്രട്ടറി എ.വി അബ്ബാസ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, കണ്ണമ്പ്ര പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ശേഖരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. എ.വി അബ്ബാസ് (പ്രസിഡണ്ട്), കെ.എ അബൂബക്കർ (സെക്രട്ടറി), പി.എം അൻസാർ, ഇ.വി ബിബു (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
0 Comments