കുതിരാൻ. രണ്ടാം തുരങ്കത്തിനുള്ളിൽ നടന്നിരുന്ന ഗ്യാൻട്രി കോൺക്രീറ്റിങ് വർക്കുകൾ പൂർത്തിയായി. തുരങ്കത്തിന്റെ മുകൾ ഭാഗവും ഇരുവശങ്ങളും ഒരേസമയം കോൺക്രീറ്റിങ് നടത്താവുന്ന നിലയിൽ പ്രത്യേകം ക്രമീകരിച്ച ഇരുമ്പ് റെയിൽ ഉൾപ്പെടെയുള്ള സംവിധാനങ്ങളും മെഷീനുകളും ഉപയോഗിച്ചാണ് ഗ്യാൻട്രി കോൺക്രീറ്റിങ് പൂർത്തീകരിച്ചത്. ഒന്നാം തുരങ്കത്തിനുള്ളിലെ ബലക്ഷയം ഉള്ള ഭാഗങ്ങളിൽ മാത്രം ആയിരുന്നു ഗ്യാൻട്രി കോൺക്രീറ്റിങ് നടത്തിയിരുന്നത്. എന്നാൽ രണ്ടാം തുരങ്കത്തിന്റെ കിഴക്കെ തുരങ്കമുഖം
മുതൽ പടിഞ്ഞാറെ തുരങ്കമുഖം വരെ മുഴുവനായും കോൺക്രീറ്റിങ് നടത്തിയിട്ടുണ്ട്. ഇതിൽ രണ്ട് തുരങ്കങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പ്രവേശനഭാഗം മാത്രമേ ഒഴിവാക്കിയിട്ടുള്ളു. ഈ ഭാഗത്ത് ഗ്യാൻട്രി കോൺക്രീറ്റിങ് സാധ്യമല്ലാത്തതിനാൽ കോൺക്രീറ്റ് തൂണുകൾ പണിത് ഷോർട്ട്ക്രീറ്റിങ് നടത്തിയാണ് ബലപ്പെടുത്തുന്നത്. തുരങ്കത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും കൂടുതൽ തടസ്സങ്ങൾ ഉണ്ടാക്കുന്നതുമായ നിർമ്മാണപ്രവർത്തനങ്ങളിൽ ഒന്നായ ഗ്യാൻട്രി കോൺക്രീറ്റിങ് പൂർത്തിയായതോടെ തുരങ്കത്തിനകത്തെ ലൈറ്റുകളും സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ വർക്കുകൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
0 Comments