മുടിക്കോട്, കല്ലിടുക്ക് അടിപ്പാതകൾ നിർമ്മിക്കണം: ടി.എൻ പ്രതാപൻ എംപി


ന്യൂഡൽഹി/ തൃശൂർ. ജനങ്ങളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും നിരന്തരമായ ആവശ്യങ്ങളെയും ഇടപെടലുകളെയും തുടർന്ന് ദേശീയപാത അതോറിറ്റി കല്ലിടുക്കിലും മുടിക്കോടും മുളയം റോഡിലും വാണിയംപാറയിലും നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന അടിപ്പാതകളുടെ പണികൾ ഉടൻ ആരംഭിക്കണമെന്ന് ടി.എൻ പ്രതാപൻ എംപി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. പലതും കടലാസ്സിൽ മാത്രം ഒതുങ്ങിയ സ്ഥിതിയാണ്. മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപ്പാതയിലെ അശാസ്ത്രീയമായ നിർമ്മാണങ്ങളും
 

അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു എംപി. നിർമ്മാണം ആരംഭിച്ച് പത്ത് വർഷങ്ങൾ പിന്നിട്ടിട്ടും പണികൾ പൂർത്തിയാക്കിയിട്ടില്ല.  നിർമ്മാണത്തെ പറ്റി വ്യാപകമായ പരാതികളാണ് പ്രദേശവാസികൾക്കും യാത്രക്കാർക്കുമുള്ളത്. കഴിഞ്ഞ നാല് മാസത്തിനിടെ ആറുവരിപ്പാതയിൽ ഒരു ഡസനോളം വാഹനാപകടങ്ങൾ ഉണ്ടായി. നിരവധിയാളുകൾ മരണപ്പെട്ടു. ഭൂമി ഏറ്റെടുക്കൽ സമയത്ത് ഏറ്റവും കൂടുതൽ സ്ഥലം കൊടുത്ത പാണഞ്ചേരി പഞ്ചയത്തിൽ സർവീസ് റോഡുകൾ പോലും ഇതുവരെ പണിതു തീർത്തിട്ടില്ല. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ടി എൻ പ്രതാപൻ എം പി ആവശ്യപ്പെട്ടു.



Post a Comment

0 Comments