പട്ടിക്കാട് ഗവ.എൽപി സ്‌കൂളിൽ ഡോ. വർഗ്ഗീസ് കുര്യന്റെ നൂറാം ജന്മദിനാഘോഷം നടത്തി


പട്ടിക്കാട്. ഇന്ത്യയുടെ പാൽക്കാരൻ പത്മശ്രീ ഡോ. വർഗ്ഗീസ് കുര്യന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മിൽമയുടെ നേതൃത്വത്തിൽ പട്ടിക്കാട് ഗവ.എൽപി സ്‌കൂളിലെ കുട്ടികൾക്ക് മാസ്‌ക്കുകളും മധുരപലഹാരങ്ങളും നൽകി. മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്‌കരൻ ആദംകാവിൽ മിൽമയുടെ മുദ്ര ആലേഖനം ചെയ്ത മാസ്‌ക്കുകളും മിൽമയുടെ  മധുരപലഹാരങ്ങളും കുട്ടികൾക്ക് വിതരണം ചെയ്തു. പരിപാടി വാർഡ് മെമ്പർ ആനി ജോയി ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡണ്ട് പി.ജെ അജി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.സി നിർമ്മലാദേവി, മിൽമ മാർക്കറ്റിംഗ് ഓഫീസർ പ്രവീണ, പിടിഎ വൈസ്പ്രസിഡണ്ട് ജോഫി എന്നിവർ സംസാരിച്ചു. 


ഇന്ത്യയിൽ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗ്ഗീസ് കുര്യന്റെ 100-ാം ജന്മദിനമായിരുന്നു നവംബർ 26ന്.  ക്ഷീരമേഖലയെ ഏറ്റവും വലിയ സ്വയംപര്യാപ്ത വ്യവസായമായും ഗ്രാമീണ മേഖലയിൽ ഏറ്റവും വലിയ തൊഴിൽ ദാതാവുമായി മാറ്റിയെടുത്തത് കോഴിക്കോട് സ്വദേശിയായ ഡോ. വർഗ്ഗീസ് കുര്യന്റെ ദീർഘവീക്ഷണവും പ്രയത്‌നവുമായിരുന്നു. ഗുജറാത്തിലെ ആനന്ദ് മാതൃകയിൽ ദേശവ്യാപകമായി ആയിരക്കണക്കിന് ക്ഷീരസഹകരണ സംഘങ്ങൾ രൂപീകരിച്ച് ക്ഷീരോൽപാദനത്തിലും അനുബന്ധ തൊഴിലുകളിലും വിപ്ലവകരമായ പുരോഗതി സൃഷ്ടിക്കാൻ വർഗ്ഗീസ് കുര്യന് കഴിഞ്ഞു. പാലിന്റെ  മൂല്യ വർധിത ഉൽപന്നങ്ങളുടെ  നിർമ്മാണത്തിലൂടെ അമുൽ ലോകശ്രദ്ധയാകർഷിച്ച സംരംഭമായി മാറി. കോടിക്കണക്കിന് ഗ്രാമീണ കർഷകരെ സാമ്പത്തിക സ്വയംപര്യാപ്തരാക്കാനും അവരുടെ ജീവിതത്തെ ഗുണപരമായി പരിവർത്തനം ചെയ്യാനും  ഡോ. വർഗ്ഗീസ് കുര്യൻ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. 1965ൽ പത്മശ്രീയും 1966ൽ പത്മഭൂഷണും 1999ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2012 സെപ്തംബർ 9ന് തൊണ്ണൂറാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.



Post a Comment

0 Comments