കുതിരാൻ. ഒന്നാം തുരങ്കത്തിനുള്ളിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ തുരങ്കത്തിൽ നിന്നുയരുന്ന പൊടിയും വാഹനങ്ങളുടെ പുകയും മൂലം കാഴ്ച വ്യക്തമാകാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഇത് അപകട സാധ്യതയും വർദ്ധിപ്പിക്കും. മാത്രമല്ല ഇരുചക്ര വാഹന യാത്രക്കാർക്ക് ഇതുവഴി കടന്നുപോകുവാൻ വളരെ ബുദ്ധിമുട്ടുമാണ്. നിലവിൽ രണ്ടാം തുരങ്കത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഉയരുന്ന പൊടി രണ്ട് തുരങ്കങ്ങളെയും തമ്മിൽ
ബന്ധിപ്പിക്കുന്ന ഇടനാഴിയിലൂടെയാണ് ഒന്നാം തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത്. രണ്ട് ഇടനാഴികളാണ് തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. തുരങ്കത്തിനുള്ളിൽ പ്രവേശിക്കുന്ന പൊടിയും വാഹനങ്ങൾ പുറന്തള്ളുന്ന പുകയും ഇടവിട്ട് സ്ഥാപിച്ചിട്ടുള്ള എക്‌സ്‌ഹോസ്റ്റ് ഫാനുകളുടെ സഹായത്തോടെ വലിച്ച് പുറത്തു കളയുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ ചില ദിവസങ്ങളായി എക്‌സഹോസ്റ്റ് ഫാനുകൾ പ്രവർത്തിക്കുന്നില്ല. സ്ഥിരം യാത്രക്കാർക്ക് മാത്രമേ ഇത് മനസിലാകൂ എന്നതിനാൽ വേണ്ടത്ര പരാതികൾ ഉയർന്നിട്ടുമില്ല. കമ്പനി അധികൃതരെ ഫോണിൽ വിളിച്ചാൽ ചിലദിവസങ്ങളായി എടുക്കുന്നില്ലെന്ന പരാതിയും ജനങ്ങൾക്കുണ്ട്.
0 Comments