മുടിക്കോട് സെന്ററിൽ ദിശാബോർഡുകൾ സ്ഥാപിച്ചു


മുടിക്കോട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് തുടർച്ചയായി ഉണ്ടായ അപകടങ്ങളെ തുടർന്ന് മുടിക്കോട് സെന്ററിൽ ദിശാബോർഡുകൾ സ്ഥാപിച്ചു. മണ്ണുത്തി ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാതയുടെ വലതു വശത്തുകൂടി വന്ന് മുടിക്കോട് സെന്ററിൽ എത്തുമ്പോൾ ഇടതു വശത്തേക്ക് പ്രവേശിക്കുന്നതിനുള്ള ദിശാ ബോർഡ് ആണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിന് പകരമായി ചെറിയ ഒരു ട്രാഫിക് ബാരിയർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽ പെടാതെ പല വാഹനങ്ങളും മുടിക്കോട് സെന്റർ കഴിഞ്ഞ് വലതു വശത്തുകൂടി തന്നെ മുന്നോട്ട് പോകുകയും വലിയ
 

അപകടങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുള്ളതായി പ്രദേശത്തെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും പറഞ്ഞു. തിങ്കളാഴ്ച ഇതുപോലെ കടന്നുപോയ കാർ ഇടിച്ചാണ് പൂവൻചിറ സ്വദേശിയായ മാധ്യമ പ്രവർത്തകൻ മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രിയിലും ഇവിടെ അപകടം നടന്നിരുന്നു. പലപ്പോഴും ദേശീയപാതയിൽ ജീവനുകൾ പൊലിയുമ്പോൾ മാത്രമേ അധികൃതരുടെ കണ്ണുകൾ തുറക്കാറുള്ളു. അതുവരെ വരുന്നത് വരട്ടെ എന്ന നിലപാടാണ് അവരുടെ ഭാഗത്ത്. ഇത്തരത്തിൽ ദിശാബോർഡുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കിൽ ഒരു ജീവനെങ്കിലും രക്ഷിക്കാമായിരുന്നില്ലേ എന്ന് നാട്ടുകാർ ചോദിക്കുന്നു. 


Post a Comment

0 Comments