കോടതിപ്പാലം ; നിർമ്മാണ പൂർത്തീകരണം ആഘോഷിച്ച് നാട്ടുകാർ

പട്ടിലുംകുഴി പാലം യാഥാർത്ഥ്യമാക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരും സ്ഥലം വിട്ടുനൽകിയവരും ചേർന്ന് ജനകീയാഘോഷത്തിന് തിരിതെളിച്ചപ്പോൾ

പീച്ചി. രണ്ടു പതിറ്റാണ്ടുനീണ്ട സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കുമൊടുവിൽ  യാഥാർത്ഥ്യമായ പട്ടിലുംകുഴി കട്ടച്ചിറക്കുന്ന് പാലത്തിന്റെ നിർമ്മാണ പൂർത്തീകരണം നാട്ടുകാർ ആഘോഷമാക്കി. നാടിന്റെ വികസനത്തിനായി രാഷ്ട്രീയ ഭേദമെന്യേ നാട്ടുകാർ ഒന്നിച്ചത് കേരളത്തിനാകമാനം പുതിയൊരു മാതൃക സൃഷ്ടിക്കുകയും ചെയ്തു. ഇച്ഛാ ശക്തി കൈമുതലാക്കി നാട്ടുകാർ ഒന്നിച്ചപ്പോൾ രാജ്യത്തെ നീതി ന്യായ നിയമ വ്യവസ്ഥകളും അവർക്കൊപ്പം നിന്നു. ജനങ്ങളുടെ പിന്തുണയുടെ വിശ്വാസത്തിൽ പൊതു പ്രവർത്തകർ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒരു വേള നാടിന് നഷ്ടമായ വികസനക്കുതിപ്പ് തിരികെ കൊണ്ടുവരാനും അവർക്ക് കഴിഞ്ഞു. പാലം യാഥാർത്ഥ്യമാക്കുന്നതിന് നിയമ പോരാട്ടം നടത്തിയ അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്, മുൻ പഞ്ചായത്തംഗം കെ.പി എൽദോസ്, പാലം നിർമ്മാണത്തിനായി 

സ്ഥലം വിട്ടു നൽകിയ പുത്തൻവീട്ടിൽ ശ്യമള, ശകുന്തള, ശോഭന, കൃഷ്ണൻ, കുന്നത്തുപറമ്പിൽ ത്രേസ്യാമ്മ, പുഞ്ചപ്പാടൻ ബേബി ദാസ്, പാലത്തിന്റെ പണികൾക്ക് മേൽനോട്ടം വഹിച്ച വാസുദേവൻ എന്നിവരെയും നാട്ടുകാർ ആദരിച്ചു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ്  കോടതിയുടെ ഇടപെടലിനെ തുടർന്ന് ഇത്രയധികം തുക അനുവദിച്ചുകൊണ്ട് ഒരു പാലം നിർമ്മിക്കപ്പെടുന്നത് എന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ ഏറ്റവും വലിയ പാലവും പട്ടിലുംകുഴി കട്ടച്ചിറക്കുന്ന് പാലമാണ്. ഡിസംബർ 26ന് കെ ഗംഗാധരൻ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടിയിൽ വി.വി മുരളീധരൻ, ബാബു തോമസ്, ഷൈജു കുര്യൻ, ജോർജ്ജ് പൊടിപ്പാറ, കെ.പി എൽദോസ്, ഷിബു പോൾ, യാക്കോബ് പയ്യപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പായസ വിതരണവും ബിരിയാണി സദ്യയും വിവിധ കലാപരിപാടികളും നാട്ടുകാർ ഒരുക്കിയിരുന്നു.




Post a Comment

0 Comments