മണ്ണുത്തി. മുൻ സഹകരണ വകുപ്പ് മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവും ഒന്നര പതിറ്റാണ്ടുകാലം തൃശൂർ ഡിസിസി പ്രസിഡണ്ടുമായിരുന്ന സി.എൻ ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികത്തിൽ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തിയിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എംയു മുത്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ് അനുസ്മരണ പ്രഭാഷണം നടത്തി. തൃശൂർ ഡി സി സി ഓഫീസ്, ജില്ല സഹകരണ ബാങ്കിന്റെ ജവഹർലാൽ കൺവെൻഷൻ സെന്റർ, കെ പി സി സി ആസ്ഥാന മന്ദിരം തുടങ്ങിയവയുടെ
നിർമ്മാണത്തിന് നേതൃത്വം നൽകിയത് സി.എൻ. ബാലകൃഷ്ണനായിരുന്നു. ഖാദി ഗ്രാമ വ്യവസായ അസോസിയേഷൻ, സംസ്ഥാന ഖാദി ഫെഡറേഷൻ എന്നിവയുടെ പ്രസിഡണ്ടായിരുന്നു. പുഴയ്ക്കൽ വായനശാലയിൽ ലൈബ്രേറിയനായിരിക്കെ രാഷ്ട്രീയത്തിലേക്കു കടന്നു വന്ന അദ്ദേഹം നല്ല ഒരു പുസ്തക പ്രേമിയുമായിരുന്നു. മിൽമ ആരംഭിക്കുന്നതിന് മുമ്പേ തൃശൂരിൽ ക്ഷീര സഹകരണ സംഘം രൂപീകരിച്ച് പാക്കറ്റിൽ പാൽ വിതരണം നടത്താനുള്ള പദ്ധതി ആരംഭിക്കാൻ സി.എൻ ബാലകൃഷ്ണന് കഴിഞ്ഞതായി കെ.സി അഭിലാഷ് അനുസ്മരിച്ചു. കോൺഗ്രസ് മണ്ഡലം നേതാക്കളായ സണ്ണി വാഴപ്പിള്ളി, എം.ജി രാജൻ, ഭാസ്‌കർ കെ മാധവൻ, ടി.വി തോമസ്, സണ്ണി രാജൻ, കെ.കെ കാസിം, സി.ജെ രാജേഷ്, മിന്റോ സി ആന്റോ, ഇ.ആർ വിപിൻ, സഞ്ജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments