ചെമ്പൂത്രയിലെ സർവ്വീസ് റോഡ് മേഖലകളിൽ പരിശോധന നടത്തുന്നു
പട്ടിക്കാട്. ചെമ്പൂത്ര നന്മ ഗ്രാമീണ ഐക്യവേദിയുടെ പരാതിയെ തുടർന്ന് ഹൈവേ അതോറിറ്റി പ്രതിനിധികൾ ചെമ്പൂത്ര സർവ്വീസ് റോഡ് മേഖലകൾ സന്ദർശിച്ചു. പട്ടിക്കാട് മുതൽ മണ്ണുത്തി വരെയുള്ള ഭാഗത്ത് ചെമ്പൂത്രയിലാണ് മൂന്ന് ഇടങ്ങളിലായി സർവ്വീസ് റോഡിന്റെ പണികൾ പൂർത്തീകരിക്കാത്തത്. നിർമ്മാണത്തിലെ അപാകതകളാണ് ഇതിന് പ്രധാന കാരണം. ചെമ്പൂത്ര പെട്രോൾ പമ്പിനോട് ചേർന്നു നിർമ്മിച്ചിട്ടുള്ള കലുങ്കിന് ആവശ്യത്തിന് വീതിയില്ലാത്തതും സർവ്വീസ് റോഡിന്റെ നിർമ്മാണത്തിന് തടസ്സമായി. അതുകൊണ്ടു തന്നെ സർവ്വീസ് റോഡ് പൂർണ്ണമായും ഉപയോഗപ്പെടുത്താൻ
കഴിയാത്ത അവസ്ഥയാണ്. ഹൈവേ പണി പൂർത്തീകരിക്കാതെ ടോൾ പിരിവ് അനുവദിക്കരുത് എന്ന് ആവശ്യപ്പട്ടുകൊണ്ട് ചെമ്പൂത്ര നന്മ ഗ്രാമീണ ഐക്യവേദി സംസ്ഥാന പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസിനും ബന്ധപ്പെട്ട മറ്റ് അധികൃതർക്കും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ നാഷണൽ ഹൈവേ അതോറ്റി നന്മയുമായി ബന്ധപ്പെടുകയും പ്രതിനിധികൾ സ്ഥലത്തെത്തി പ്രദേശം സന്ദർശിക്കുകയും ചെയ്തത്. നന്മയുടെ പ്രവർത്തകർ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളെല്ലാം സന്ദർശിച്ച് റിപ്പോർട്ട് തയ്യായാറാക്കിയിട്ടുണ്ട്. ഭാരവാഹികളായ എ കൃഷ്ണൻകുട്ടി, തോമസ് സാമുവൽ, അനിൽ ആന്റണി, ഡോ. സുധീന്ദ്രകുമാർ, രമേശൻ, ഗോപാലകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
0 Comments