വാണിയമ്പാറ മേലേചുങ്കത്ത് സർവ്വീസ് റോഡ് നിർമ്മാണം ആരംഭിച്ചു

വാണിയമ്പാറ. ദേശീയപാതയിൽ മേലേചുങ്കത്ത് തൃശൂർ ഭാഗത്തേക്കുള്ള പാതയോട് ചേർന്ന് സർവ്വീസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാഹനാപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെ പ്രദേശത്ത് സർവ്വീസ് റോഡ് വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധ പരിപാടികൾ നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. പാലക്കാട് നിന്നും വരുന്ന ബസുകൾ ദേശീയപാതയിൽ നിർത്തിയാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. കൂടാതെ വലിയ കണ്ടെയിനർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങളിലെ ജീവനക്കാർ ഭക്ഷണം കഴിക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ 

വേണ്ടി ദേശീയപാതയിൽ തന്നെയാണ് വാഹനങ്ങൾ നിർത്തുന്നതും. ഇത് വലിയ അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് സർവ്വീസ് റോഡ് വരണമെന്ന നാട്ടുകാരുടെ ആവശ്യവും പ്രാധാന്യമർഹിക്കുന്നതായിരുന്നു. പ്രധാന പാതയിൽ നിന്നും പത്തടിയോളം താഴ്ചയിൽ നിന്നാണ് പണികൾ ആരംഭിക്കുന്നത്. മഴ മാറിയാൽ മണ്ണിട്ട് നികത്തേണ്ട സ്ഥലങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കമ്പനി പിആർഒ അജിത് പ്രസാദ് അറിയിച്ചിരുന്നു. പണികൾ ഉടൻ തീർത്ത് വാണിയമ്പാറ മേലേചുങ്കത്ത് സർവ്വീസ് റോഡ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.



Post a Comment

0 Comments