നിലവിലെ പാലം ശ്രീധരി പാലം. (ഇൻസെറ്റിൽ) കോൺക്രീറ്റ് തൂൺ തകർന്ന് പാലവുമായുള്ള ബന്ധം വേർപെട്ട നിലയിൽ
പട്ടിക്കാട്. കൂട്ടാല ചവറാംപാടം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് മണലിപ്പുഴക്ക് കുറുകെ നിർമ്മിക്കുന്ന ശ്രീധരി പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും പാലത്തിന്റെ പണികൾ ഇതുവരെ തുടങ്ങിയിട്ടില്ല. 2020 ഒക്ടോബർ 21 ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ആണ് 10.24 കോടി രൂപ ചിലവിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം പൂർത്തിയായാൽ അത് ഇരു പഞ്ചായത്തുകളുടെയും വികസനത്തിന് കുതിപ്പേകുന്ന ഒന്നായി മാറുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
ഒന്നര മീറ്റർ മാത്രം വീതിയിൽ 35 മീറ്റർ നീളമുള്ള ഒരു നടപ്പാലം നിലവിൽ ഇവിടെയുണ്ട്. 1993 ൽ
അന്നത്തെ കൃഷി മന്ത്രി ആയിരുന്ന പി.പി ജോർജ്ജ് ഉദ്ഘാടനം ചെയ്തതാണ് ഈ പാലം. 28 വർഷം പിന്നിടുമ്പോൾ കോൺക്രീറ്റ് തൂണുകൾ തകർന്ന് പാലവുമായുള്ള ബന്ധം വേർപെട്ട് സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ ആണ് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇതേ തുടർന്നാണ് 201617 വർഷത്തെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാലത്തിന് അനുമതിയായത്. നിലവിലെ രൂപകൽപന അനുസരിച്ച് ഒരേ സമയം ഇരു ഭാഗത്തേക്കും വാഹനങ്ങൾ പോകാവുന്ന വിധത്തിൽ മൂന്ന് സ്പാനുകളോടെ 11 മീറ്റർ വീതിയും ഇരുഭാഗത്തും അപ്രോച്ച് സ്ലാബ് സഹിതം 38.2 മീറ്റർ നീളവുമാണ് പുതിയ പാലത്തിനുണ്ടാവുക. ഇരു വശങ്ങളിലും ഫുട്പാത്ത് സൗകര്യവും ഉണ്ടാകും. 12 മീറ്റർ വീതിയുള്ള അപ്രോച്ച് റോഡിന് ചവറാംപാടം ഭാഗത്ത് 110 മീറ്റർ നീളവും കൂട്ടാല ഭാഗത്ത് 749 മീറ്റർ നീളവുമുണ്ടാകും. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം, സ്ഥലമെടുപ്പ്, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് എന്നിവയായി 10.24 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പ് ബ്രിഡ് ഡിവിഷനാണ് പാലത്തിന്റെ രൂപകൽപന നടത്തിയിട്ടുള്ളത്. എന്നാൽ ഇതുവരെ പാലത്തിന്റെ പണികൾ ആരംഭിക്കാത്തതിൽ ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പലതവണ നടത്തിയെങ്കിലും അതൊന്നും നടപ്പായിട്ടില്ല. കഴിഞ്ഞ പ്രളയ സമയത്ത് തകർച്ചാ ഭീഷണി നേരിട്ട പ്രദേശത്തെ പാലങ്ങളിൽ ഒന്നാണ് കൂട്ടാല ശ്രീധരി പാലം. ഏതു നിമിഷവും തകർന്നു വീഴാം എന്ന അവസ്ഥയിലാണ് പാലം. അതുകൊണ്ടുതന്നെ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉടൻ നടപ്പിലാക്കി പുതിയ പാലത്തിന്റെ പണികൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ ജനങ്ങൾ.
0 Comments