ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ രാജൻ അന്തിമോപചാരം അർപ്പിക്കുന്നു

പൊന്നൂക്കര. കൂനൂർ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന് കണ്ണീരോടെ വിടനൽകി ജൻമനാട്. സംസ്ഥാന സർക്കാരിന്റെയും വ്യോമസേനയുടെയും പൂർണ ഔപചാരിക ബഹുമതികളോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടന്നു. ഡൽഹിയിൽ നിന്നും രാവിലെ 11 മണിയോടെ കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിലെത്തിച്ച സൈനികന്റെ ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശൂരിലേക്ക് കൊണ്ടുവന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ മൃതദേഹം വാളയാറിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് ജില്ലാ അതിർത്തിയായ വാണിയമ്പാറയിൽ നിന്ന് ജില്ലാ കലക്ടർ ഹരിത വി കുമാറും മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രസഹമന്ത്രി വി മുരളീധരനും ടി എൻ പ്രതാപൻ
 

എം പിയും മൃതദേഹത്തെ അനുഗമിച്ചു. പ്രദീപ് പഠിച്ച പുത്തൂരിലെ ഗവ.ഹയർസെക്കന്ററി സ്‌കൂളിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള ആയിരക്കണക്കിന് പേരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണനും മുഖ്യമന്ത്രിക്ക് വേണ്ടി കെ രാജനും അന്തിമോപചാരം അർപ്പിച്ചു. ചീഫ് എയർഫോഴ്‌സ് മാർഷൽ ബി വി ഉപാധ്യായ പ്രദീപിന്റെ യൂണിഫോമും മെഡലുകളും ഭാര്യ ശ്രീലക്ഷ്മിക്ക് കൈമാറി.  വൈകീട്ട് 5.50 ഓടെ പൊന്നൂക്കരയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. മകൻ ദക്ഷ്വിൻ ദേവും സഹോദരൻ പ്രസാദും ചേർന്ന് അന്തിമ കർമ്മങ്ങൾ നിർവഹിച്ചു. ആദ്യം പൊലീസും തുടർന്ന് സൈനികരും ഗൺ സല്യൂട്ട് ഉൾപ്പെടെ ഔദ്യോഗിക ബഹുമതികളർപ്പിച്ചു. വ്യോമസേനയുടെ 70 അംഗ സൈനികരാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന സർക്കാർ പ്രതിനിധികളായി മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, കെ കൃഷ്ണൻകുട്ടി, ഡോ. ആർ ബിന്ദു, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് എന്നിവരും സൈന്യത്തെ പ്രതിനിധീകരിച്ച് എയർമാർഷൽ ഉപാധ്യായയും ചടങ്ങിൽ സംബന്ധിച്ചു.



Post a Comment

0 Comments