പ്രതി ദേവസ്യ എക്‌സൈസസ് ഉദ്യോഗസ്ഥർക്കൊപ്പം
പട്ടിക്കാട്. ദേശീയ പാതയിൽ പട്ടിക്കാട് വെച്ച് പാലക്കയം കോട്ടയം കെഎസ്ആർടിസി ബസ്സിൽ നിന്നും മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പിന്റെ പച്ച മാംസവുമായി തൊടുപുഴ വണ്ണപുറം സ്വദേശി ഇളംതുരുത്തിയിൽ ദേവസ്യ വർക്കിയെ തൃശൂർ എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ കെ. അബൂദുൾ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പാലക്കാട് മണ്ണുത്തി ദേശീയ പാതയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. തൊടുപുഴയിലേക്ക് വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്നു മാംസം. മുള്ളൻപന്നിയുടെ മാംസം മഞ്ഞൾ പൊടി ഇട്ട് ഉണക്കി മാസങ്ങളോളം സൂക്ഷിച്ചു വക്കാൻ കഴിയുന്ന നിലയിലുള്ളതാണ്. കവറുകളിൽ
പൊതിഞ്ഞ് ട്രാവൽ ബാഗിൽ മറ്റാർക്കും സംശയം നൽകാത്ത വിധത്തിൽ രഹസ്യമായി കടത്തിക്കൊണ്ടുവരികയായിരുന്നു. പിടികൂടിയ മാംസം മണ്ണാർക്കാടുള്ള പാലക്കയം 200 ലുള്ള എസ്‌റ്റേറ്റിൽ നിന്നും കടത്തിക്കൊണ്ടു വരുന്നതാണെന്ന് പ്രതി സമ്മതിച്ചതായി എക്‌സൈസ് അധികൃതർ പറഞ്ഞു. വാഹന പരിശോധനയിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഹരീഷ് സി.യു, പ്രിവന്റീവ് ഓഫീസർ രാജേഷ് കെ.വി, സിഇഒ മാരായ വിശാൽ പി.വി, ബിബിൻ ചാക്കോ എന്നിവരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. പ്രതിയെയും തൊണ്ടി സാധനങ്ങളും മാന്നാമംഗലം ഫോറസ്റ്റ് അധികൃതർക്ക് തുടർ നടപടികൾക്കായി കൈമാറി.
0 Comments