പുത്തൂർ. കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം മരണപ്പെട്ട പൊന്നൂക്കര സ്വദേശി വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മാതാപിതാക്കളെ മന്ത്രി കെ. രാജൻ പൊന്നൂക്കരയിലെ വസതിയിലെത്തി സന്ദർശിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ജോസഫ് ടാജറ്റ്, കെ.വി സജു, പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രാജ്യത്തെ നടുക്കിയ ദാരുണമായ അപകടത്തിൽ
മരണത്തിന് കീഴടങ്ങിയ സൈനികരിലൊരാളായ പ്രദീപിന്റെ വിയോഗത്തിൽ വ്യക്തിപരമായി തനിക്കുള്ള അഗാധമായ ദുഖവും സർക്കാരിന്റെ അനുശോചനവും അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. പ്രദീപിന്റെ ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുവരുന്നതും സംസ്‌കാരചടങ്ങുകളുമായും ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ വ്യോമസേനയുടെ ക്വാർട്ടേഴ്‌സിലായിരുന്നു പ്രദീപും കുടുംബവും താമസിച്ചിരുന്നത്. പിതാവ് രാധാകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾ പ്രദീപും കുടുംബവും നാട്ടിൽ ഉണ്ടായിരുന്നു.
0 Comments