മണ്ണുത്തി. കോവിഡ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന് പാൽ ഉൽപാദനത്തിൽ മുന്നിൽ എത്താനായെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാല ക്യാമ്പസ്സിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷീരോൽപാദനം വർധിപ്പിക്കുന്നതിനും ഈ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന വർഗ്ഗീസ് കുര്യന്റെ പ്രതിമയുടെ അനാച്ഛാദനം, ത്രിവേണി സങ്കര കോഴിയിന സമർപ്പണം എന്നിവയും മന്ത്രി നിർവഹിച്ചു. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ആധുനിക ലൈബ്രറി
സമുച്ചയത്തിന്റെയും അതിഥി മന്ദിരത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. എംഎൽഎമാരായ ഒ.ആർ കേളു, വാഴൂർ സോമൻ, കെ വി എ എസ് യു അക്കാദമിക്ആന്റ് റിസർച്ച് ഡയറക്ടർ പ്രൊഫ. ഡോ.എൻ അശോക്, എന്റർപ്രണർഷിപ്പ് ഡയറക്ടർ പ്രൊഫ.എം കെ നാരായണൻ, സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ എം ആർ ശശീന്ദ്രനാഥ്, രജിസ്ട്രാർ പി സുധീർ ബാബു, ഐഡി എ സൗത്ത് സോൺ വൈസ് ചെയർമാൻ ഡോ.പി ഐ ഗീവർഗ്ഗീസ്, മണ്ണുത്തി വെറ്ററിനറി കോളേജ് ഡീൻ ഡോ.സി ലത, സർവകലാശാല ബോർഡ് അംഗങ്ങൾ, മാനേജ്‌മെന്റ് കൗൺസിൽ അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments