കുതിരാൻ. രണ്ടാമത്തെ തുരങ്കത്തിലേക്ക് റോഡ് നിർമ്മിക്കാനായി പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിട്ടിരുന്ന പഴയ പാതയിലൂടെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. മണ്ണ് റോഡിന് കുറുകെയിട്ട് വഴി അടച്ചിട്ടുമുണ്ട്. തുരങ്ക മുഖത്തിന് സമീപം റോഡ് പൊളിക്കാൻ തുടങ്ങി. മൂന്നര മീറ്റർ വീതിയിൽ റോഡിന്റെ പകുതിയോളം ഭാഗമാണ് ഇപ്പോൾ പൊളിക്കുന്നത്. റോഡ് പൂർണ്ണമായും പൊളിച്ചുനീക്കിയതിനുശേഷം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഈ ഭാഗത്തുള്ള പാറ പൊട്ടിച്ചു നീക്കുമെന്ന് അധികൃതർ പറഞ്ഞു. ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടുന്നതു മൂലം ഗതാഗതക്കുരുക്ക് ഉണ്ടാവുക പതിവാണ്. ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം
ഏർപ്പെടുത്തിയും പോലീസ് ഗതാഗതം നിയന്ത്രിച്ചുമാണ് കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നത്. തുരങ്കത്തിലേക്കുള്ള നിർദ്ദിഷ്ട റോഡിന്റെ നിർമ്മാണം നടത്തണമെങ്കിൽ പഴയ റോഡ് ഈ ഭാഗത്ത് പൂർണ്ണമായും പൊളിച്ചു നീക്കേണ്ടി വരും. നിലവിലെ പാത പൊളിക്കുകയും റോഡ് അടച്ചു കെട്ടുകയും ചെയ്താൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് ഉണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ റോഡിന്റെ പണികൾ അതിവേഗം പൂർത്തിയാക്കുക എന്നതു മാത്രമാണ് പരിഹാരം. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താനായി വഴുക്കുംപാറയിൽ നിന്നുള്ള സർവ്വീസ് ഇപ്പോൾ റോഡ് പൊളിക്കുന്നതിന് അപ്പുറത്തേയ്ക്ക് ബന്ധിപ്പിക്കാൻ കഴിയുമോ എന്നു കൂടി പരിശോധിക്കണം.
0 Comments