രാസവളക്ഷാമം: കർഷക പ്രതിസന്ധി ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകി


പട്ടിക്കാട്. മലയോര കാർഷിക മേഖലയിൽ ആവശ്യമായ സമയത്ത് രാസവളങ്ങൾ ലഭിക്കാത്തത് കാർഷിക മേഖലയ്ക്ക് തിരിച്ചടിയാവുകയാണ്.  രാസവളക്ഷാമം മൂലം ഒല്ലൂർ നിയോജക മണ്ഡലത്തിലെ പാണഞ്ചേരി, പുത്തൂർ, നടത്തറ, മാടക്കത്തറ തുടങ്ങിയ പഞ്ചായത്തുകളിലെ കർഷകരാണ് പ്രതിസന്ധിയിലാണ്. ഒല്ലൂർ നിയോജക മണ്ഡലത്തിൽ മാത്രമല്ല ജില്ലയിൽ മുഴുവനും ഇതാണ് അവസ്ഥയെന്നും ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് കർഷക കോൺഗ്രസ്സ് ജില്ല സെക്രട്ടറി കെ.പി എൽദോസ് തൃശൂർ ജില്ല കളക്ടർക്ക് പരാതി നൽകി.
 

നേന്ത്രവാഴ കൃഷിക്ക് വളപ്രയോഗം  നടത്തുന്ന സമയമാണ് ഇപ്പോൾ. ആദ്യത്തെ അഞ്ച് മാസക്കാലയളവിൽ രാസവളം ഉപയോഗിച്ചാൽ മാത്രമേ ഓണപിപണി ലക്ഷ്യമാക്കി നല്ല കുലകൾ ഉൽപാദിപ്പിക്കാൻ കഴിയൂ. ജൈവവളത്തിന് പുറമെ പൊട്ടാഷ്‌, യൂറിയ, ഫാക്ടംഫോസ് വളങ്ങളാണ് കർഷകർ പ്രധാനമായും ഉപയോഗിക്കുന്നത്. മാസങ്ങളായി ഈ വളങ്ങൾ കടകളിൽ ലഭിക്കുന്നില്ല. പകരം ലഭിക്കുന്ന  കൂട്ടു വളങ്ങങ്ങൾക്ക് വിലയും കൂടുതലാണ്. നെൽകൃഷിയും പ്രതിസന്ധിയിലാണ്. കൃഷിക്ക് സമയാസമയങ്ങളിൽ രാസ വളപ്രയോഗം നടത്തിയാൽ മാത്രമേ നല്ല വിളവ് ലഭിക്കൂ. രണ്ട് വർഷത്തെ പ്രളയവും  തുടർന്ന് വന്ന കൊവിഡ് പ്രതിസന്ധിയും, ഇന്ധന വില വർദ്ധനവും, വന്യമൃഗശല്യവും തുടങ്ങി കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന ദുരിതത്തിലൂടെ നീങ്ങുന്ന കർഷകർക്ക് ഇരുട്ടടിയാവുകയാണ് ഇപ്പോൾ രാസവളക്ഷാമം. അതുകൊണ്ട് സഹകരണ സംഘങ്ങളിലെ വളം ഡിപ്പോകളിലും മറ്റ് സ്വകാര്യ ഡിപ്പോകളിലും കർഷകർക്ക് ആവശ്യമായ രാസവളം ലഭ്യമാക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കളക്ടർക്ക് പരാതി നൽകിയിട്ടുള്ളത്.



Post a Comment

0 Comments