കുതിരാൻ. വഴുക്കുംപാറയിൽ ദേശീയ പാതയുടെ വടക്കുഭാഗത്തെ സർവ്വീസ് റോഡിന്റെ പണികൾ പൂർത്തിയാക്കി കുതിരാനിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് തൃശൂർ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടംകുളത്തി ആവശ്യപ്പെട്ടു. കുതിരാനിലെ ഒന്നാം തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ഗതാഗത പ്രശ്‌നങ്ങളുണ്ട്. ഇതേ തുടർന്ന് പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. തുരങ്കത്തിന് മുന്നിൽ പൊളിക്കാൻ ഉദ്ദേശിക്കുന്ന റോഡിനോട് ചേർന്ന് സർവ്വീസ് റോഡിന്റെ പണികൾ പൂർത്തികരിച്ചാൽ രണ്ടാം തുരങ്കം ഗതാഗതയോഗ്യമാകുന്നതുവരെ പഴയ വഴിയിലൂടെ തന്നെ പാലക്കാട് ഭാഗത്തേയ്ക്ക് വാഹനങ്ങൾ
വൺവേ ആക്കി കടത്തിവിടാമെന്നും ഗതാഗതക്കുരുക്കിന് ഇത് പരിഹാരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിർദ്ദേശങ്ങൾ പാണഞ്ചേരി പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തിൽ ഹൈവേ അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും അധികൃതരുമായി ചർച്ച ചെയ്ത് പരിഹാരം കാണാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കല്ലിടുക്കിൽ അടിപ്പാത വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു. ജില്ല പഞ്ചായത്തംഗം കെ.വി സജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ മാത്യു നൈനാൻ, എം ബാലകൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗം ടി ശ്രീകുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
0 Comments