പീച്ചി ഡാം റോഡ് റീടാറിങ് ; നടക്കുന്നത് പ്രഖ്യാപനങ്ങൾ മാത്രമെന്ന് കെ.സി അഭിലാഷ്

പീച്ചി ഡാം റോഡ് റീടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം

പട്ടിക്കാട്. തകർന്നു തരിപ്പണമായ പീച്ചി ഡാം റോഡിന്റെ റീടാറിങിന്റ കാര്യത്തിൽ നടക്കുന്നത് വെറും പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ് ആരോപിച്ചു. പീച്ചി ഡാം റോഡ് അടിയന്തരമായി റീടാറിങ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽപ്പാറ വാര്യത്തുപടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിലാഷ്. ആവശ്യമായ സമയത്ത് മതിയായ അറ്റകുറ്റപ്പണികൾ നടത്താത്തതുകൊണ്ടാണ് പീച്ചി റോഡ് ജങ്ഷൻ മുതൽ പീച്ചി ഡാം വരെയുള്ള പ്രദേശം വ്യാപകമായി തകർന്നത്. അറ്റകുറ്റപ്പണികൾ നടത്തണമെന്നും 


റീടാറിങ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങൾ ഉയരുമ്പോൾ അധികൃതർ അത് കണ്ടില്ലെന്നു നടിക്കുകയാണ്. 2020 ആഗസ്റ്റിൽ റോഡിന്റെ ടാറിങുമായി ബന്ധപ്പെട്ട് സർവ്വേ നടത്തിയെങ്കിലും ടാറിങ് നടത്തിയില്ല. 2021 ഫെബ്രുവരിയിൽ പീച്ചി ഡാം റോഡിന്റെ റീ ടാറിങിനായി 90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഒല്ലൂർ എംഎൽഎയും ചീഫ് വിപ്പുമായ കെ. രാജൻ അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. ഇപ്പോൾ മലയോര ഹൈവേ റൂട്ടിന്റെ കാര്യം പറഞ്ഞ് പീച്ചി ഡാം റോഡിന്റെ അറ്റകുറ്റപ്പണികൾ നീട്ടിക്കൊണ്ടുപോവുകയാണെന്നും അഭിലാഷ് ആരോപിച്ചു. പ്രതിഷേധ സമരത്തിന് പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു, നേതാക്കളായ  കെ.പി എൽദോസ്, സജി താന്നിക്കൽ,  സുശീല രാജൻ, സിഎസ് ശ്രീജു,  കെ.ബി ലിബീഷ്, ജോളി ജോർജ് ബി.എസ് എഡിസൻ, ജോസ് ചുങ്കത്ത്, വിനോദ് തേനംപറമ്പിൽ തുടങ്ങി കോൺഗ്രസ്സിന്റെ വിവിധ തലങ്ങളിലെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. 


Post a Comment

0 Comments