പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ മിക്ക വാർഡുകളിലും വഴി വിളക്കുകൾ കത്തുന്നില്ലെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ലീഡർ ബാബു തോമസിന്റെ നേതൃത്വത്തിൽ കെ.പി ചാക്കോച്ചൻ, ഷൈജു കുരിയൻ, സുശീല രാജൻ, സി.എസ് ശ്രീജു എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് പരാതി നൽകിയത്. കഴിഞ്ഞ ആറു മാസമായി ഭൂരിഭാഗം വാർഡുകളിലും വഴി വിളക്കുകൾ കത്തുന്നില്ലെന്ന് ജനങ്ങൾക്ക് പരാതിയുണ്ടെന്നും ഒരു വർഷം മുമ്പ് സ്ഥാപിച്ച ലൈറ്റുകളിൽ തകറാറിലായവ മാറ്റി വെക്കുന്നതിന് കരാറുകാരനെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് കരാറുകാരന് നൽകാനുള്ള തുകയിൽ എട്ടു ലക്ഷം രൂപ കുടിശ്ശികയുള്ളതു കൊണ്ടാണ് അവർ അറ്റകുറ്റപ്പണികൾ നടത്താത്തത് എന്നും ബാബു തോമസ് പറഞ്ഞു. പരാതിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പു നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments