സർവ്വീസ് റോഡിന്റെ പണികൾ പൂർത്തിയാക്കാതെ ടോൾ പിരിവ് അനുവദിക്കരുത്: മന്ത്രിക്ക് പരാതി നൽകി


പട്ടിക്കാട്. സർവ്വീസ് റോഡിന്റെ പണികൾ പൂർത്തിയാക്കാതെ മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപ്പാതയിൽ ടോൾ പിരിവ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചെമ്പൂത്ര നന്മ ഗ്രാമീണ ഐക്യവേദി സംസ്ഥാന പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസിന് പരാതി നൽകി. റോഡിന്റെ പണികൾ പൂർത്തിയായി വരികയാണെങ്കിലും മിക്കയിടത്തും സർവ്വീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കിയിട്ടില്ല. ബസ് ബേകൾ, ബസ് സ്‌റ്റോപ്പുകൾ എന്നിവ നിർമ്മിക്കുമെന്ന വാക്കും ഹൈവേ അധികൃതർ പാലിച്ചിട്ടില്ല. അതുകൊണ്ട് തിടുക്കത്തിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. അശാസ്ത്രീയമായ നിർമ്മാണമാണ് സർവ്വീസ് റോഡ് പൂർത്തിയാകാത്തതിന്റെ പ്രധാന കാരണം. ചെമ്പൂത്രയിൽ ഭാരത്
 

പെട്രോളിയം പമ്പിന് സമീപത്തെ തോടിന് കുറുകെ നിർമ്മിച്ച കലുങ്കിന് ഒരു വാഹനം സുഗമമായി കടന്നു പോകാൻ ആവശ്യമായ വീതിയില്ല. ഇവിടുത്തെയും ചെമ്പൂത്രയിലെ സ്വകാര്യആശുപത്രിക്കു സമീപത്തെയും പണികൾ പൂർത്തിയാക്കിയാൽ പട്ടിക്കാട് മുതൽ മണ്ണുത്തി വരെ സർവ്വീസ് റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കാം. ചെമ്പൂത്രയിലും പാണഞ്ചേരിയിലും റോഡിന് സമാന്തരമായി പോകുന്ന തോട്ടിലേക്ക് പതിവായി വാഹനങ്ങൾ മറിഞ്ഞ് അപകടമുണ്ടാകുന്നതിന് പരിഹാരമായി അയേൺക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സ്വകാര്യ താൽപര്യം സംരക്ഷിക്കുന്നതിനായി ചെമ്പൂത്രയിൽ ദേശീയപാതയ്ക്ക് കുറുകെ സർവ്വീസ് റോഡിലേക്ക് പ്രവേശനം  നൽകിയിരിക്കുന്നത്  അപകടത്തിനിടയാക്കുമെന്നും നന്മ ഗ്രാമീണ ഐക്യേവേദി ഭാരവാഹികളായ പ്രസാദ് മൂത്താട്ട്, എ. കൃഷ്ണൻകുട്ടി, കെ. ജയരാജൻ എന്നിവർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചെമ്പൂത്ര സർവ്വീസ് റോഡിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കൃഷ്ണൻകുട്ടി, തോമസ്സ് സാമുവൽ, അനിൽ കൊള്ളന്നൂർ, സന്ധ്യാ മനോജ്, രമേശൻ, ജയൻ, ലത കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments