പീച്ചിഡാം റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റാതെ പോകുന്നതായി പരാതി


പട്ടിക്കാട്.
പീച്ചിഡാം റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നു എന്ന പരാതിയുമായി രക്ഷകർത്താക്കൾ. ഇതുമായി ബന്ധപ്പെട്ട് പീച്ചി പോലീസിൽ പരാതി നൽകിയതായി ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം സെക്രട്ടറി പ്രിൻസ് കോഴിപ്പാടൻ അറിയിച്ചു. രാവിലെ 8നും 9നും ഇടയിൽ പീച്ചിയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന ചില സ്വകാര്യ ബസ്സുകളാണ് വിദ്യാർഥികളെ കയറ്റാതെ പോകുന്നതായി രക്ഷകർത്താക്കൾ പരാതിപ്പെട്ടത്. പല സ്‌കൂളുകളുടെയും സ്‌കൂൾ ബസുകൾ ഓടിത്തുടങ്ങാത്തതിനാൽ വിദ്യാർത്ഥികൾ അധികവും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. 

എന്നാൽ ബസ് ജീവനക്കാരുടെ ഇത്തരം പ്രവണതമൂലം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ സമയത്ത് എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് പരാതിയിൽ പറയുന്നു. രാവിലെ സമയത്ത് പോകുന്ന ചില  സ്വകാര്യബസുകൾ പട്ടിക്കാട് ബസാർ റോഡിൽ പ്രവേശിക്കാതെ ഹൈവേയിലൂടെ മാത്രം പോകുന്നതായും പരാതി ലഭിച്ചിരുന്നു. ബസ്സിൽ കയറുന്ന വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ മോശമായി പെരുമാറുന്നു എന്ന പരാതിയും നിലവിലുണ്ട്. ഇക്കാര്യത്തിൽ പീച്ചി പോലീസും ബന്ധപ്പെട്ട അധികാരികളും ഉടൻ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാരും രക്ഷകർത്താക്കളും ആവശ്യപ്പെട്ടു.



Post a Comment

0 Comments