തൃശൂർ. സംസ്ഥാന ലഹരി വർജ്ജന മിഷൻ ജില്ലയിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരം ലഹരി വിരുദ്ധ ആശയം ഉൾക്കൊള്ളുന്നതായിരിക്കണം. ഒന്നാം സമ്മാനമായി 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും, രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനമായി 10,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും നൽകും. ഇതിന് പുറമെ മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും വീതം നൽകും.
നാലു മിനിറ്റ് മുതൽ എട്ട് മിനിറ്റ് വരെ ദൈർഘ്യം ഉള്ളതായിരിക്കണം ഷോർട്ട് ഫിലിം.
വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഷോർട്ട് ഫിലിം തയ്യാറാക്കേണ്ടത്. അധ്യാപകരുടെ സഹായവും ഇതിനായി തേടാവുന്നതാണ്. ക്യാമറയിലോ മൊബൈൽഫോണിൽ ഷോർട്ട് ഫിലിം ചിത്രീകരിക്കാവുന്നതാണ്. മത്സരാർത്ഥികൾ ഷോർട്ട് ഫിലിം തയ്യാറാക്കി പൂർണ്ണമായ മേൽവിലാസം, പഠിക്കുന്ന സ്‌കൂൾ/ കോളേജ്, ക്ലാസ്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി സ്‌കൂൾ/കോളേജ് അധികാരിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി vimukthiexcise@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണെന്ന് വിമുക്തി കോ ഓർഡിനേറ്റർ കെ കെ രാജു അറിയിച്ചു. ജനുവരി 31നാണ് ഷോർട്ട് ഫിലിം അയക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 04872361237, 9446025417 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
0 Comments