ആത്മാലയത്തിന്റെ സംരക്ഷണഭിത്തി തകർന്നു വീണിട്ട് മാസങ്ങളായി. തിരിഞ്ഞുനോക്കാതെ അധികാരികൾ

ആത്മാലയത്തിന്റെ സംരക്ഷണഭിത്തി തകർന്നു വീണ നിലയിൽ

പട്ടിക്കാട്.
പാണഞ്ചേരി പഞ്ചായത്തിലെ ഏക പൊതുശ്മശാനമായ വടക്കുംപാടം ആത്മാലയത്തിന്റെ സംരക്ഷണഭിത്തി തകർന്നു വീണിട്ട് മാസങ്ങളായി. ഇതുവരെയും അത് പുനർനിർമ്മിക്കാൻ അധികാരികൾ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 2021 ജൂലൈ 24ന് ആയിരുന്നു മതിൽ തകർന്ന് വീണത്. കനത്ത മഴയെ തുടർന്ന് സമീപത്തുള്ള ഗ്യാസ് ഏജൻസിയുടെ ഗോഡൗണിനോട് ചേർന്ന് ഇരുപത്തഞ്ച് അടി നീളമുള്ള മതിൽ പന്ത്രണ്ട് അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. ആത്മാലയം ഗ്യാസ് ക്രിമിറ്റോറിയം തുടക്കം മുതൽ വിവിധ ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു. ശ്മശാനത്തിന്റെ നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ
 

കക്ഷികളുടെ നേതൃത്വത്തിൽ വിവിധ സമര പരിപാടികൾ നടന്നിരുന്നു. നിർമ്മാണത്തിലെ അപാകതയ്ക്ക് ഒരു തെളിവ് കൂടിയാണ് തകർന്നു വീണ സംരക്ഷണഭിത്തി. പന്ത്രണ്ട് അടിയോളം ഉയരമുള്ള മതിൽ കരിങ്കല്ലിന് പകരം ഇഷ്ടിക ഉപയോഗിച്ചാണ് കെട്ടി ഉയർത്തിയിരുന്നത്. ഇതാണ് മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീഴാനുള്ള പ്രധാന കാരണം. പുതുക്കി നിർമ്മിച്ച ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് മാസത്തിൽ റവന്യൂ മന്ത്രി കെ. രാജൻ നടത്തിയിരുന്നു. എന്നാൽ ഇതുവരെയും സംരക്ഷണഭിത്തി പുനർ നിർമ്മിച്ചിട്ടില്ല. ഇത് സമീപത്തുള്ള ഓഫീസ് കെട്ടിടത്തിന് ഭീഷണിയാണെന്നും സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ഉടൻ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments