സൈനികൻ പ്രദീപിന്റെ ഭൗതികദേഹം വാണിയമ്പാറയിൽ ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി


വാണിയമ്പാറ. ഊട്ടി കൂനൂരിലെ ഹെലിക്പ്റ്റർ അപകടത്തിൽ മരണപ്പെട്ട വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭൗതിക ശരീരം ജില്ലാ അതിർത്തിയായ വാണിയമ്പാറയിൽ  വെച്ച്  ജില്ലാ കളക്ടറുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 1.53 നായിരുന്നു പ്രദീപിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് വാണിയമ്പാറയിൽ എത്തിയത്.  മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, കെ. രാധാഷ്ണൻ എന്നിവർ ചേർന്നാണ്  വാളയാറിൽ വെച്ച് പ്രദീപിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങിയത്.  പാലക്കാട് ജില്ലാ കളക്ടർ, ജില്ലയിലെ ഉന്നത പോലീസ് ഉദ്യാഗസ്ഥർ എന്നിവർ വാണിയമ്പാറ വരെ
 

മൃതദേഹത്തെ അനുഗമിച്ചിരുന്നു. ധീര ജവാന് ആദരാഞ്ജലികളർപ്പിക്കാനായി വലിയൊരു ജനസമൂഹം വാണിയമ്പാറയിൽ കാത്തുനിന്നിരുന്നെങ്കിലും ഭൗതിക ദേഹം ഏറ്റുവാങ്ങി പോലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനുവേണ്ട തയ്യാറെടുപ്പുകൾക്കായി  ഒരു മിനിറ്റോളം മാത്രമാണ്  വാണിയമ്പാറയിൽ നിർത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ ജില്ല കളക്ടർ ഹരിത വി കുമാർ, പോലീസ് കമ്മീഷണർ ആർ ആദിത്യ, സ്‌പെഷൽ ബ്രാഞ്ച് എസിപി എം.കെ ഗോപാലകൃഷ്ണൻ, എംപിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ്, ജില്ല പഞ്ചായത്തംഗം കെ.വി സജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, പുത്തൂർ, തൃക്കൂർ പഞ്ചായത്ത് പ്രസിഡണ്ടുമാർ മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, ജനപ്രതിനിധികൾ രാഷ്ട്രീയ നേതാക്കൾ എന്നിവർ വാണിയമ്പാറയിലെത്തിയിരുന്നു. ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ എല്ലാവിധ ഒദ്യോഗിക ബഹുമതികളോടെയും പ്രദീപിന്റെ സംസ്‌ക്കാരം നടക്കും.


Post a Comment

0 Comments