സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണം: കല്ലിടുക്ക് ജനകീയ സമിതി ഡിജിപിക്ക് പരാതി നൽകി


പട്ടിക്കാട്.
ദേശീയപാതയിലെ കല്ലിടുക്കിൽ അടിപ്പാത നിർമ്മിക്കുന്നത് സംബന്ധിച്ചും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത് ചൂണ്ടിക്കാട്ടിയും കല്ലിടുക്ക് ജനകീയ സമിതി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന് പരാതി അയച്ചു. കരാർ നിബന്ധനകൾ ലംഘിച്ചും കേരള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകൾ ലംഘിച്ചും റോഡ് നിർമ്മാണം നടത്തിയതിനെ തുടർന്നാണ് കല്ലിടുക്കിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. കല്ലിടുക്ക് പ്രദേശം അടച്ചുകെട്ടിയതിനാൽ മയിലാട്ടുംപാറ  തെക്കുംപാടം മേലേച്ചിറ വഴുക്കുംപാറ മേഖലകളിലേക്ക്  സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും ദേശീയപാതയിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.  ഇക്കാര്യം വ്യക്തമാക്കി മുമ്പ് പരാതി നൽകിരുന്നുവെന്നും ഇവിടെ അടിപ്പാത 

നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് നടപടി തുടങ്ങിയിട്ടുള്ളതാണെന്നും പരാതിയിൽ പറയുന്നു. സർവ്വീസ് റോഡുകളിൽ  വൺവേ മാത്രമാണ്  അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇത് ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനുള്ള  യാതൊരുവിധ മുന്നറിയിപ്പുകളോ ദിശാബോർഡുകളോ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ട് സർവ്വീസ് റോഡിൽ ഇരു ഭാഗത്തേയ്ക്കും വാഹനങ്ങൾ  സഞ്ചരിച്ച് അപകടങ്ങൾ ഉണ്ടാകുന്ന കേസുകളിൽ അപകടങ്ങളിൽ പെടുന്നവർക്ക് ഇൻഷൂറൻസ് നിഷേധിക്കപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നു. കല്ലിടുക്കിൽ ജനങ്ങൾക്ക് സുരക്ഷിതമായ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും അടിപ്പാത നിർമ്മിക്കുന്നമതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കല്ലിടുക്ക് ജനകീയസമിതി ഭാരവാഹികളായ സുഭാഷ്‌കുമാർ, ബെന്നി കോടിയാട്ടിൽ അജു തോമസ്, എന്നിവർ ചേർന്ന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.



 

Post a Comment

0 Comments