പീച്ചി. മത്സ്യ കൃഷിക്ക് തീറ്റയായി ഉപയോഗിക്കുന്ന ബ്ലാക്ക് സോൾജിയേഴ്‌സ് ഫ്‌ളൈ ഉൽപാദിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലന പരിപാടി പീച്ചി ഗവ. ഫിഷ് സീഡ് ഹാച്ചറിയിൽ നടത്തി. ബെംഗളൂരുവിലെ ഐസിഎആർ, സിഐഎഫ്ആർഐ റീജിയണൽ സെന്റർ, നാഷണൽ ബ്യൂറോ ഓഫ് അഗ്രികൾച്ചർ ഇൻസെക്റ്റസ് റിസോഴ്‌സസ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യ കർഷകർ മറ്റ് സ്‌റ്റേക്ക് ഹോൾഡേഴ്‌സ് എന്നിവർ പങ്കെടുത്തു. സിഐഎഫ്ആർഐ റീജിയണൽ
സെന്ററിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആന്റ് ഹെഡ് ഡോ. പ്രീത പണിക്കർ, നാഷണൽ ബ്യൂറോ ഓഫ് അഗ്രികൾച്ചർ ഇൻസെക്റ്റ് റിസോഴ്‌സസിലെ സയന്റിസ്റ്റ് ഡോ. അമല ഉദയകുമാർ എന്നിവർ ക്ലാസ്സുകളെടുത്തു. നമ്മുടെ പരിസരങ്ങളിൽ സാധാരണ കാണാറുള്ള നിരുപദ്രവകാരിയായ ഈച്ചയാണ് ബ്ലാക്ക് സോൾജിയർ ഫ്‌ളൈ. ഭക്ഷ്യാവശിഷ്ടങ്ങളുടെ പരിസരങ്ങളിൽ മുട്ടയിടുന്ന ഇവയുടെ ലാർവകൾ ജൈവമാലിന്യം കഴിച്ചു വളരും. 20 ദിവസം വളർച്ചയെത്തുന്നതോടെ അവ പ്യൂപ്പ ദശയിലേക്കു കടക്കും. ദിവസങ്ങൾക്കുള്ളിൽ പ്യൂപ്പ വിരിഞ്ഞ് ഈച്ചപ്പട്ടാളം പുറത്തു വരും. പെണ്ണീച്ചകളുമായി ഇണചേരുന്നതിനു പിന്നാലെ ആണീച്ചകളുടെ ആയുസ്സു തീരും. മണിക്കൂറുകൾക്കുള്ളിൽ പെണ്ണീച്ചകൾ മുട്ടയിടും. അടുത്ത തലമുറയ്ക്കു ജന്മം നൽകുന്നതോടെ അവയുടെ ആയുസ്സും തീരും. ബ്ലാക്ക് സോൾജിയർ ഫ്‌ളൈയുടെ ജീവിത ചക്രം ഇങ്ങനെ തുടരും. മത്സ്യ കൃഷി നടത്തുന്നവർക്ക് മത്സ്യങ്ങൾക്ക് തീറ്റയായി നൽകാൻ ഇവ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്.
0 Comments