മലയോര ഹൈവേ റൂട്ട് മാറ്റം; അഡ്വ. ഷാജി കോടങ്കണ്ടത്ത് സുപ്രീം കോടതിയിൽ ഹർജി നൽകി

പട്ടിക്കാട് . പാണഞ്ചേരി പഞ്ചായത്തിൽ മലയോര ഹൈവേയുടെ റൂട്ട് മാറ്റണമെന്നാവശ്യപ്പെട്ട്  കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്  സുപ്രീം കോടതിയിൽ ഹർജി നൽകി. മലയോര മേഖലകളുടെ വികസനവും ഗതാഗത സൗകര്യവും സാധ്യമാക്കുന്ന വിധത്തിൽ  മലയോര ഹൈവേയുടെ റൂട്ട് വഴുക്കുംപാറയിൽ നിന്ന് തുടങ്ങി തോണിക്കൽ, പട്ടിലുംകുഴി, പീച്ചി വിലങ്ങന്നൂർ വഴി പുത്തൂരിലേക്ക് എത്തുന്ന തരത്തിൽ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട്  നാട്ടുകാരും നിവേദനം നൽകിയിരുന്നു. നാറ്റ്പാക്ക് നിശ്ചയിച്ചിരിക്കുന്ന റൂട്ട് പ്രകാരം 

വഴുക്കുംപാറയിൽ നിന്ന് നിലവിലുള്ള ആറുവരി ദേശീയ പാതയിലൂടെയും തുടർന്ന് വികസനം പൂർത്തിയായ പീച്ചി ഡാം റോഡിലൂടെയും കടന്ന് വിലങ്ങന്നൂരിൽ എത്തി പുത്തൂർ വഴിയാണ് മലയോര ഹൈവേ കടന്നു പോകുന്നത്. ഈ റൂട്ട് മലയോര മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടി ഷാജി കോടങ്കണ്ടത്ത്, പഞ്ചായത്തംഗങ്ങളായിരുന്ന കെ.പി എൽദോസ്, സാലി തങ്കച്ചൻ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ അധികച്ചെലവുണ്ടാകുമെന്ന കാരണം പറഞ്ഞ് റൂട്ട് മാറ്റമെന്ന ആവശ്യം സർക്കാർ തള്ളുകയാണ് ഉണ്ടായത്. മലയോര മേഖലയിലെ ജനങ്ങളുടെ വികസന സ്വപ്‌നങ്ങളെ തകർക്കുന്ന നിലപാടാണ് സർക്കാർ നടത്തുന്നതെന്നും അതുകൊണ്ടാണ്  സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും  ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.




Post a Comment

0 Comments