പട്ടിക്കാട്. കരാർ കമ്പനി അധികൃതരുടെ അനാസ്ഥയെ തുടർന്ന് ചെമ്പൂത്രയിൽ സർവ്വീസ് റോഡിനോട് ചേർന്നുള്ള മീഡിയൻ തകർന്ന ഭാഗത്ത് കാർ അപകടത്തിൽ പെട്ടു. സർവ്വീസ് റോഡിലേക്ക് കടക്കാനുള്ള മാർഗ്ഗമാണെന്നു കരുതി ഇതു വഴി കാർ ഇറക്കാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. സർവ്വീസ് റോഡ് മൂന്നടിയിലേറെ താഴെയാണെന്ന കാര്യം ആരുടെയും ശ്രദ്ധയിൽ പെടില്ല. സർവ്വീസ് റോഡിനും പ്രധാനപാതയ്ക്കും ഇടയിലുള്ള കാനയിൽ ടയർ കുടുങ്ങിയതുകൊണ്ട് കാർ താഴേക്ക് മറിഞ്ഞില്ല. നാട്ടുകാർ ചേർന്ന് മുൻഭാഗം ഉയർത്തിയെടുത്താണ് കാർ റോഡിലേക്ക് കയറ്റിയത്. രാവിലെ
11 മണിയോടെയായിരുന്നു സംഭവം. തൃശൂർ സ്വദേശികളായ മൂന്നുപേരാണ് കാറിലുണ്ടായിരുന്നത് ആർക്കും പരിക്കില്ല. മാസങ്ങൾക്ക് മുമ്പ് തകർന്നുപോയ മീഡിയൻ പുനർ നിർമ്മിക്കാനോ എന്തെങ്കിലും അപകട മുന്നറിയിപ്പുകൾ സ്ഥാപിക്കാനോ കരാർ കമ്പനി തയ്യാറാകാഞ്ഞതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്ത് ഹൈവേയിലെ യൂ ടേൺ കടന്നു വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.അപകടങ്ങളും മരണങ്ങളും പതിവായതോടെയാണ് പീച്ചി പോലീസിന്റെ നേതൃത്വത്തിൽ താൽക്കാലികമായി യൂ ടേൺ അടച്ചത്. ഈ യൂ ടേൺ സ്ഥിരമായി അടയ്ക്കുന്നതിനുള്ള പണികൾക്കായാണ് വീണ്ടും തുറന്നത്. ഇതോടെ നിരവധി വാഹനങ്ങളാണ് ഇതുവഴി ഇപ്പോൾ കടന്നു വരുന്നത്.
0 Comments