പട്ടിക്കാട്. അപൂർവ്വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായി കൊച്ചിയിലെ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽപ്പാറ ശാന്തിനഗർ ഓലിയാനിക്കൽ വീട്ടിൽ ജിഷയുടെ ചികിത്സയ്ക്കായി പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി 50,000 രൂപയുടെ ധനസഹായം നൽകി. സെറാഫ്‌സ് പ്രസിഡണ്ട് ഫാ. സി.എം രാജു ചികിത്സാ സഹായ ധനം കൈമാറി. പാണഞ്ചേരി പഞ്ചായത്ത് ആൽപ്പാറ വാർഡ് മെമ്പർ സുശീല രാജൻ, സെറാഫ്‌സ് അംഗങ്ങളായ ബിനോയ് മേക്കാട്ടിൽ പ്രിൻസ് ഇടപ്പാറ, ഷാജി തുരുത്താട്ടേൽ എന്നിവരും സന്നിഹിതരായിരുന്നു. പാണഞ്ചേരി പഞ്ചായത്തിലെ അറുപതിലേറെ കുടുംബങ്ങൾക്ക് എല്ലാ മാസവും രണ്ടായിരം രൂപ മുതൽ മൂവായിരം രൂപ വരെയുള്ള ചികിത്സാ സഹായം സെറാഫ്‌സിൽ നിന്ന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ പതിനാല് വർഷമായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഓരോ വർഷവും മുപ്പത് ലക്ഷത്തിലധികം രൂപയുടെ സഹായമാണ് അർഹരായവരുടെ കൈകളിലേക്ക് സെറാഫ്‌സ് എത്തിക്കുന്നത്.
0 Comments