വാടക കുടിശ്ശിക നൽകാനുള്ളത് ഒരു ലക്ഷം ;.കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കു മുന്നിലെ പന്തൽ ഉടമ അഴിച്ചു മാറ്റി

പന്തൽ അഴിച്ചു മാറ്റിയതിനെ തുടർന്ന് വാണിയമ്പാറയിൽ വാക്‌സിൻ എടുക്കാൻ വരുന്നവർക്ക് ഇരിക്കാനായി മുറ്റത്ത് നിരത്തിയിരിക്കുന്ന കസേരകൾ

 പട്ടിക്കാട്. വാടക കുടിശ്ശികയിനത്തിൽ ഒരു ലക്ഷത്തോളം രൂപ കിട്ടാനുള്ളതിനെ തുടർന്ന് പാണഞ്ചേരി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കു മുന്നിൽ ഉണ്ടായിരുന്ന പന്തലുകൾ ഉടമ അഴിച്ചെടുത്തു കൊണ്ടുപോയി. കൊവിഡ് വാക്‌സിൻ എടുക്കാൻ വരുന്നവർക്ക്  വെയിൽ കൊള്ളാതെ ഇരിക്കാനാണ് വാണിയമ്പാറയിലെയും പട്ടിക്കാടിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കു മുന്നിൽ പന്തലുകൾ സ്ഥാപിക്കാൻ കരാർ നൽകിയത്. എന്നാൽ വാക്‌സിനേഷൻ മുറയ്ക്ക് നടന്നുവെങ്കിലും കഴിഞ്ഞ ഒമ്പത് മാസമായി പന്തലിന്റെ വാടകയിനത്തിൽ കിട്ടാനുണ്ടായിരുന്ന കുടിശ്ശിക ഒരു ലക്ഷത്തോളം രൂപ കിട്ടാഞ്ഞതിനെ തുടർന്നാണ്  പന്തൽ അഴിച്ചതെന്ന് ഉടമ പറയുന്നു. ഇതേത്തുടർന്ന് ഇപ്പോൾ വാക്‌സിനേഷന് വരുന്നവർ പൊരിവെയിലത്തു നിൽക്കേണ്ട സ്ഥിതിയായി. വിവിധ രോഗങ്ങളുള്ളവരും  പ്രായമായവരും വെയിലേറ്റ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങി. ഇത്രയും ദീർഘകാലത്തേയ്ക്ക് വാടകയ്ക്ക് പന്തൽ ഏൽപ്പിച്ചതിന്റെ പത്തിലൊന്നു  തുക കൊണ്ട് വെയിലേൽക്കാതെ നിൽക്കാൻ സ്ഥിരം സംവിധാനമുണ്ടാക്കാമായിരുന്നുവെന്നും വൻ അഴിമതിയാണ് ഇതിനു പിന്നലെന്നുമുള്ള രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നുകഴിഞ്ഞു. അടുത്തയാഴ്ച മുതൽ  മുതൽ കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ കൂടി ആരംഭിക്കുന്നതോടെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കു മുന്നിൽ വലിയ തിരക്കുണ്ടാകും. എസ്.എസ്.എൽ.സി., പ്ലസ് ടു പൊതു പരീക്ഷകൾക്ക് മുമ്പായി കുട്ടികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കാൻ രക്ഷകർത്താക്കൾ തിടുക്കം കാണിക്കുന്നതോടെ  പ്രതിസന്ധി ഒന്നുകൂടി രൂക്ഷമാകുമെന്ന് ഉറപ്പാണ്. അതിന് മുമ്പുതന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. 





Post a Comment

0 Comments