പട്ടിക്കാട്. ഓർമ്മകൾ ഓടിക്കളിക്കാനെത്തുന്ന മുറ്റത്ത് അവർ വീണ്ടും ഒത്തുകൂടി. മുപ്പതു വർഷങ്ങൾക്കു ശേഷം, അതേ ക്ലാസ്മുറിയിൽ ; അതേ യൂണിഫോമിൽ. പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്്കൂളിലെ 1990 ബാച്ച് എസ്എസ്എൽസി സി ഡിവിഷനിൽ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ ഒത്തുചേരൽ അവിസ്മരണീയമായ അനുഭവമായി. സ്‌കൂൾ കാലഘട്ടത്തിലെ മധുരസ്മരണകളും പേറി ഡിസംബർ 27 ന് അവർ വീണ്ടും ഒത്തുചേർന്നു. ക്ലാസ് ടീച്ചറായിരുന്ന ഭവാനി ടീച്ചറെ ആദരിച്ചു. സ്‌കൂളിന്റെ പ്രവർത്തനഫണ്ടിലേക്കുള്ള കൂട്ടായ്മയുടെ ധനസഹായം പി ടി എ പ്രസിഡന്റ് പി.വി സുദേവന്റെ സാന്നിധ്യത്തിൽ ഹെഡ് മാസ്റ്റർ എം.കെ സോമന് കൈമാറി. തുടർന്ന് പാണഞ്ചേരി സഹകരണബാങ്ക് ഹാളിൽ വെച്ചു നടന്ന യോഗത്തിൽ 1990ലെ പട്ടിക്കാട് ഗവ ഹൈസ്‌കൂളിലെ മുഴുവൻ എസ്എസ്എൽസി വിദ്യാർത്ഥികളുടെയും കൂട്ടായ്മയായ കാറ്റാടീസിന്റെ രക്ഷധികാരി സുപ്രിയ അധ്യക്ഷത വഹിച്ചു. ഭവാനി ടീച്ചർ മുഖ്യാതിഥിയായി. കാറ്റാടീസ് പ്രസിഡണ്ട് ഷിബു, സെക്രട്ടറി എബി കെ.വി, ട്രഷറർ ജോർജ് കുട്ടി, ജോ. സെക്രട്ടറി ജോയ്‌സി എന്നിവർ സംസാരിച്ചു. ഹ്രസ്വചിത്ര പ്രദർശനവും വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
0 Comments