പട്ടിക്കാട്. തൊഴിലുറപ്പു തൊഴിലാളികൾ വിദഗ്ധ തൊഴിലാളികളായി മാറിയിരിക്കുന്നുവെന്ന് സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യൂ നൈനാൻ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പു തൊഴിലാളികൾ പട്ടിക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ആസ്തിവികസന പ്രവർത്തനങ്ങളിലെല്ലാം തൊഴിലുറപ്പുതൊഴിലാളികളുടെ അധ്വാനത്തിന്റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. കയ്യാലകെട്ടലും കിണർ നിർമ്മാണവും മുതൽ കെട്ടിട നിർമ്മാണം വരെയുള്ള മേഖലകളിൽ തൊഴിലുറപ്പു വനിതകൾ സജീവമാണ്. എന്നിട്ടും കേന്ദ്രസർക്കാർ ഈ തൊഴിലാളികളോട് കാണിക്കുന്നത് വിവേചനമാണെന്ന് മാത്യു നൈനാൻ കുറ്റപ്പെടുത്തി. കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, 200 തൊഴിൽ ദിനങ്ങൾ അനുവദിക്കുക, തൊഴിൽ വേതനം 600 രൂപയാക്കുക, തൊഴിലാളികൾക്ക് ജാതി തിരിച്ച് പണം നൽകുന്ന രീതി ഒഴിവാക്കുക, പെട്രോൾ, ഡീസൽ, ഗ്യാസ്, മണ്ണെണ്ണ എന്നിവയുടെ വില വർധനവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലുറപ്പു തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തിയത്. എൻആർഇജി വർക്കേഴ്‌സ് യൂണിയൻ പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയിൽ മേഖല സെക്രട്ടറി പി.ജെ അജി അധ്യക്ഷത വഹിച്ചു, ഏരിയ സെക്രട്ടറി സാവിത്രി സദാനന്ദൻ, മേഖല പ്രസിഡണ്ട് പി.എ ദീപു, പി.വി സുദേവൻ എന്നിവർ സംസാരിച്ചു.
0 Comments