കല്ലിടുക്കിൽ വഴി അടച്ചുകെട്ടി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ ഹൈവേ അതോറിറ്റിയുടെ നീക്കം

കല്ലിടുക്കിൽ ഹൈവേ അതോറിറ്റി പൂർണ്ണമായും അടച്ചുകെട്ടാൻ ശ്രമിച്ച സ്ഥലം

പട്ടിക്കാട്.
ദേശീയപാതയിൽ കല്ലിടുക്കിലെ പ്രവേശന മാർഗ്ഗം പൂർണ്ണമായും അടച്ചുകെട്ടാനുള്ള ഹൈവേ അതോറിറ്റിയുടെ നീക്കം നാട്ടുകാർ തടഞ്ഞു. കല്ലിടുക്കിലൂടെ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യവും വാഹന ഗതാഗതവും അനുവദിക്കണമെന്നും അപകടമൊഴിവാക്കുന്നതിനായി സിഗ്‌നൽ ലൈറ്റുകളോ ദിശാ ബോർഡുകളോ അപകടമുന്നറിയിപ്പുകളോ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കല്ലിടുക്ക് ജനകീയ സമിതിക്കുവേണ്ടി ഭാരവാഹികളായ സുഭാഷ്‌കുമാർ, അജു തോമസ് എന്നിവർ ചേർന്ന് പീച്ചി സ്‌റ്റേഷൻ ഹൗസ്  ഓഫീസർ എസ് ഷുക്കൂറിന് പരാതി നൽകി. ആറുവരിപ്പാതയിൽ കല്ലിടുക്ക് ജങ്ഷനിൽ മേൽപാലമോ അടിപ്പാതയോ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പീച്ചി പാണഞ്ചേരി വില്ലേജിലെ ജനങ്ങൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് സിറ്റിംഗ് കഴിഞ്ഞിട്ടുണ്ട്. കേസിൽ വിധി വരാനിരിക്കെ  കല്ലിടുക്ക് റോഡിൽ നിന്ന് തെക്കുംപാടം റോഡിലേക്ക് ദേശീയപാത ക്രോസ് ചെയ്യുന്ന ഭാഗം താൽക്കാലികമായി ഗർഡറുകൾ ഉപയോഗിച്ച് തടഞ്ഞിരുന്നത് പൂർണ്ണമായും അടച്ചുകെട്ടാനുള്ള ശ്രമമാണ് ഹൈവേ അതോറിറ്റി നടത്തുന്നത്. അശാസ്ത്രീയമായ ഹൈവേ നിർമ്മാണം മൂലം നിരന്തരം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന കല്ലിടുക്കിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി ദേശീയപാത നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിരവധി ജനകീയ സമരങ്ങൾ നടന്നിരുന്നു. ഇക്കാര്യങ്ങൾ കാണിച്ച് പ്രദേശവാസിയായ കല്ലിടുക്ക് ജനകീയ സമിതി പ്രസിഡണ്ട് സുഭാഷ് കുമാർ
 

നൽകിയ ഹർജിയിൽ കല്ലിടുക്കിൽ അടിപ്പാത പണിയാൻ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ഉത്തരവിട്ടിരുന്നു. 2021 ജൂലൈ 8ന് ദേശീയപാത പ്രൊജക്ട് ഡയറക്ടർ സഞ്ജയ്കുമാർ യാദവ് കല്ലിടുക്കിൽ എത്തി ചർച്ച നടത്തുകയും അടിപ്പാത നിർമ്മിക്കുന്നതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കല്ലിടുക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനും നിവേദനം നൽകുകയും ചെയ്തിരുന്നു. അഞ്ചര മീറ്റർ ഉയരത്തിലുള്ള അടിപ്പാത നിർമ്മിക്കാൻ സാധ്യമല്ലെന്നും ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന വിധത്തിലുള്ള അടിപ്പാത നിർമ്മിക്കാമെന്നുമാണ് സഞ്ജയ്കുമാർ യാദവ് ചർച്ചയിൽ പറഞ്ഞത്. എന്നാൽ കല്ലിടുക്കിൽ അഞ്ചര മീറ്റർ ഉയരത്തിലുള്ള അടിപ്പാത തന്നെ വേണമെന്ന ആവശ്യത്തിൽ തന്നെയാണ് നാട്ടുകാർ. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ വീണ്ടും നടത്താമെന്ന് ഉറപ്പു നൽകിയാണ് അന്ന് പ്രജക്ട് ഡയറക്ടർ പോയതെങ്കിലും ഇപ്പോൾ വഴി പൂർണ്ണമായും അടയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്.




Post a Comment

0 Comments