എബി മോസസിന് എഷ്യാനെറ്റിന്റെ 'സല്യൂട്ട് കേരളം' അവാർഡ്

പട്ടിക്കാട്. കൊവിഡ് മഹാമാരിക്കെതിരെ എബി നടത്തിയ പോരാട്ടങ്ങൾക്ക് ഇനി അംഗീകാരത്തിന്റെ തിളക്കവും. സ്തുത്യർഹമായ നിലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയവർക്ക് ഏഷ്യാനെറ്റ്  ന്യൂസ് ചാനൽ ഏർപ്പെടുത്തിയ 'സല്യൂട്ട് കേരളം' അവാർഡിന് പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി, പൊടിപ്പാറ സ്വദേശി എബി മോസസ് അർഹനായി. കൊവിഡ് മഹാമാരിയുടെ കാലത്ത് വിവിധ മേഖലകളിൽ നിന്നായി പ്രതിഫലേച്ഛയില്ലാത്ത പ്രവർത്തനങ്ങളിലൂടെ മാതൃകകൾ സൃഷ്ടിച്ച ആറുപേരെയാണ് ഏഷ്യാനെറ്റ് അവാർഡുകൾ നൽകി  ആദരിക്കുന്നത്. കൊവിഡ് മുന്നണി പോരാളി എന്ന നിലയിൽ തൃശൂർ ജില്ലയിൽ നിന്നും അവാർഡിന് അർഹനായ ഏക വ്യക്തിയാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എബി മോസസ്. പൂങ്കുന്നം ഇ.എസ്.ഐ ഡിസ്‌പെൻസറിയിൽ 


അറ്റന്റർ ആണ് എബി. കൊവിഡ് കാലത്ത് നടത്തിയ പ്രതിരോധപ്രവർത്തനങ്ങളും മറ്റ് പൊതു പ്രവർത്തനങ്ങളുമാണ്  അവാർഡിന് പരിഗണിച്ചത്.  ഡിസംബർ 21ന് വൈകീട്ട് 5  മണിക്ക് കൊച്ചിയിൽ വെച്ചാണ് പുരസ്‌ക്കാര ദാന ചടങ്ങ്. 
കൊവിഡിന്റെ തീവ്രവ്യാപന ഘട്ടത്തിൽ  തൃശൂർ മുളങ്കുന്നത്തുകാവിൽ ഇഎസ്‌ഐ നടത്തിയിരുന്ന കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഒരു വർഷം എബി തുടർച്ചയായി സേവനം ചെയ്തു. ഇതിനിടെ രോഗ ബാധിതരായി വീടുകളിൽ  കഴിഞ്ഞിരുന്നവർക്ക്  ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകുകയും ചെയ്തുകൊണ്ടിരുന്നു. നാട്ടിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിൽ ഇരുന്നൂറിലേറെ പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ അവർക്ക് ആവശ്യമായ മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിക്കാനും എബി മുന്നിൽ നിന്ന് പ്രവർത്തിച്ചു. പീച്ചി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ ഫണ്ട് സമാഹരിച്ചും ആശ്രമത്തിന് തുണയായി. എബിക്ക് ലഭിക്കുന്ന ഈ അവാർഡ് നാടിന് ലഭിക്കുന്ന അംഗീകാരം കൂടി ആണ്. 
കെഇആർഐ റിട്ട. സൂപ്രണ്ട് മാഞ്ചാംകുഴിയിൽ ധർമ്മരാജിന്റെയും  റോസമ്മയുടെയും മകനാണ് എബി. ഭാര്യ സുജ തൃശൂരിലെ സ്വലേസ് എന്ന സന്നദ്ധ സംഘടനയിൽ ഫിസിയോ തെറാപ്പിസ്റ്റാണ്. ആറിലും ഒന്നിലും പഠിക്കുന്ന ജോയൽ എബി മോസസും ജോഷ്വ എബി മോസസുമാണ് മക്കൾ.   സഹോദരങ്ങളായ  ബിൻസി ഡി.ആർ പെരുമ്പാവൂർ മാർത്തോമ്മ ആശ്രമം ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപികയും, ഫാൻസി ഡി.ആർ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ പ്രൊഫസറുമാണ്.


Post a Comment

0 Comments