നടപ്പാതയിൽ കുഴിയൊരുക്കി നിർമ്മാണ കമ്പനി: നടപടിയെടുക്കാതെ അധികൃതർ

പട്ടിക്കാട്. ദേശീയപാത സർവ്വീസ് റോഡിൽ പീച്ചിറോഡ് ജങ്ഷനിലാണ് നടപ്പാതയിൽ സ്ലാബ് തകർന്ന് കുഴിയായി കിടക്കുന്നത്. പാലക്കാട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ബസ് സ്‌റ്റോപ്പിനോട് ചേർന്നാണ് മാസങ്ങളായി അപകടകരമായ നിലയിൽ സ്ലാബ് തകർന്ന് കിടക്കുന്നത്. കഴിഞ്ഞ ചില ദിവസങ്ങളിലായി പലരും ഇവിടെ അപകടത്തിൽ പെടുകയും ചെയ്തു. രാത്രി സമയങ്ങളിൽ പ്രദേശത്ത് വെളിച്ചമില്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. സ്ലാബിൽ തട്ടിയും കുഴിയിൽ കാൽ അകപ്പെട്ടും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പരാതിപ്പെടാൻ ആരും തയ്യാറാകാത്തത് നിർമ്മാണ കമ്പനി മുതലെടുക്കുകയാണ് നാട്ടുകാർ പറഞ്ഞു. പാലക്കാട് ഭാഗത്തേക്ക് ബസുകളും കണ്ടെയിനർ 

ലോറികളും ഉൾപ്പെടെയുള്ള വലുതും ചെറുതുമായ വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയോട് ചേർന്നാണ് ഈ കുഴി. പലപ്പോഴും ആളുകൾ മറിഞ്ഞ് വീഴുന്നത് ഈ പ്രധാന പാതയിലേക്കാണ് എന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്നു മാത്രമല്ല ആളുകളുടെ ജീവന് തന്നെ ഭീഷണിയുമാണ്. തൃശൂർ ഭാഗത്ത് നിന്നും വരുന്ന സ്‌കൂൾ വിദ്യാർത്ഥികളും പ്രായമായവരും നിരന്തരം സഞ്ചരിക്കുന്ന നടപ്പാതകൂടിയാണിത്. കൂടാതെ സമീപത്ത് വ്യാപാര സ്ഥാപനങ്ങൾ ഉള്ളതിനാൽ അവിടേക്ക് വരുന്നവരും അപകടത്തിൽ പെടുന്നതായി വ്യാപാരികൾ പറഞ്ഞു. തകർന്നുകിടക്കുന്ന സ്ലാബുകൾ പുനസ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ എത്രയും വേഗം അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.



Post a Comment

0 Comments