പട്ടിക്കാട്. പീച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന ചില സ്വാകര്യ ബസുകൾ പട്ടിക്കാട് ബസാർ റോഡിലൂടെ വന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ സർവ്വീസ് നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു. പട്ടിക്കാട് സെന്ററിലും ബസ് സ്റ്റാന്റിലുമായി ഏറെ നേരം ബസ് കാത്തുനിൽക്കുന്ന പ്രായമായവരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന യാത്രക്കാർ ഒടുവിൽ പെരുവഴിയിലാവുകയാണ്. തൃശൂർ ഭാഗത്തേയ്ക്കുള്ള ബസ് കിട്ടാൻ തിരക്കേറിയ ദേശീയ പാത കുറുകെ കടക്കേണ്ടിവരുന്നത് വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഒരു പോലെ അപകടകരമാണ്. പീച്ചി ഭാഗത്തുനിന്നും പാണഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്കും, വില്ലേജ് ഓഫീസുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്ക് എത്തേണ്ടവർക്കും ഈ അവസ്ഥയാണ്. പീച്ചി റൂട്ടിലെ ചില സ്വകാര്യ ബസുകൾ പീച്ചി ഭാഗത്തു നിന്നും വന്ന് ജങ്ഷനിലെ
അടിപ്പാതയിലൂടെ കടന്ന് ബസാർ റോഡിലൂടെ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി ബസ് സ്റ്റാന്റിലൂടെ കന്നുപോകുന്നതിന് പകരം സർവ്വീസ് റോഡിലൂടെ തന്നെ പോയി ലാലിസ് ഹാപ്പർമാർക്കറ്റിന് സമീപമുള്ള യൂ ടേണിലൂടെ തൃശൂർ ഭാഗത്തേയ്ക്ക് തിരിയുകയാണ്. ഇതു മൂലം പട്ടിക്കാട് സെന്ററിലും പഞ്ചായത്ത് ഓഫീസിന് മുന്നിലും ബസ് സ്റ്റാന്റിലും കാത്തുനിൽക്കുന്നവർ വെട്ടിലാവുകയാണ്. പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ മൂലം ഏറെ കാലം പീച്ചിയിൽ നിന്ന് വരുന്ന ബസുകൾ ബസാർ റോഡിലൂടെ സർവ്വീസ് നടത്തിയിരുന്നില്ല. പട്ടിക്കാട് ബാറിന് മുന്നിലൂടെ തിരിഞ്ഞു വരുമ്പോഴുള്ള സമയ നഷ്ടവും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടിയാണ് സർവ്വീസ് നിർത്തിവെച്ചത്. എന്നാൽ ജങ്ഷനിലെ അടിപ്പാത വാഹനങ്ങൾക്ക് തുറന്നുകൊടുത്തതോടെ ജനങ്ങളുടെ ദുരിതത്തിന് അവസാനമാകുമെന്ന് കരുതിയെങ്കിലും ചില സ്വകാര്യ ബസുകൾ ബസാർ റോഡിലൂടെ സർവ്വീസ് നടത്താത്തത് വീണ്ടും പ്രതിസന്ധി ഉണ്ടാക്കുകയാണ്. പീച്ചിയിൽ നിന്നുള്ള എല്ലാ സ്വകാര്യ ബസുകളും നിശ്ചിത റൂട്ടിലൂടെ തന്നെ സർവ്വീസ് നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പഞ്ചായത്തിലെ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയും പഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരും പ്രദേശത്തെ വ്യാപാരികളും ആവശ്യപ്പെട്ടു.
0 Comments