പീച്ചി, വിലങ്ങന്നൂർ, തെക്കേക്കുളം മേഖലകളിൽ മോഷ്ടാക്കൾ വിലസുന്നു ; ജനങ്ങൾ ഭീതിയിൽ


പൊയ്‌ത്തോട്ടത്തിൽ സണ്ണിയുടെ വീടിന്റെ ജനൽ തുറന്ന് മോഷണത്തിന് ശ്രമിച്ച നിലയിൽ

പീച്ചി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചി, വിലങ്ങന്നൂർ, തെക്കേക്കുളം, മനയ്ക്കപ്പാടം മേഖലകളിൽ മോഷ്ടാക്കളുടെ ശല്യം വർധിക്കുകയാണ്. പ്രദേശത്ത്  മോഷണശ്രമങ്ങളും പതിവാകുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ തെക്കേക്കുളത്ത്  പൊയ്‌ത്തോട്ടത്തിൽ സണ്ണിയുടെ വീടിന്റെ ജനൽ തുറന്ന് മൊസ്‌ക്വിറ്റോ നെറ്റ്  കീറി അകത്തേക്ക് കൈയിട്ട് മോഷണത്തിന് ശ്രമിച്ചിരുന്നു. പരാതി നൽകിയതിനെ തുടർന്ന് പീച്ചി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളുടെ ഉപദ്രവത്തിൽ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ 

ദിവസങ്ങളിലും ഈ പ്രദേശത്ത് വിവിധ ഇടങ്ങളിലായി മോഷണശ്രമങ്ങൾ  നടന്നിരുന്നു. മനയ്ക്കപ്പാടത്ത് കല്ലിങ്കൽ പ്രഭാകരന്റെ വീടിന്റെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷമാണ് ജനൽ തകർത്ത്  കതകു തുറന്ന് കള്ളൻ അകത്തുകയറിയത്. പ്രഭാകരനും ഭാര്യ അജിതയും കിടക്കുന്ന മുറിയിലേക്കു ഇയാൾ കടന്നപ്പോൾ ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതു കേട്ട്  അയൽ വീടുകളിൽ നിന്നും ആളുകൾ ഓടിയെത്തിയതോടെ കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ പീച്ചി പോലീസിൽ പരാതി നൽകി. ഈ പ്രദേശങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും വർധിച്ചു വരികയാണ്. മദ്യവും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിന് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് അധിക മോഷണങ്ങളും നടക്കുന്നത്.  മോഷണശ്രമത്തിനിടയിൽ ആളെ വകവരുത്താനും മോഷ്ടാക്കൾ മടിച്ചെന്നു വരില്ല. ഇതാണ് ജനങ്ങളുടെ ഭീതി വർധിപ്പിക്കുന്നത്.  രാത്രിയിൽ ഈ പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കി ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ഷൈജു കുരിയൻ ആവശ്യപ്പെട്ടു. ഇവിടങ്ങളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ട് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനും പീച്ചി വാർഡ് മെമ്പർ ബാബു തോമസ്സും ചേർന്ന് റവന്യൂ മന്ത്രി കെ. രാജന് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു



 


Post a Comment

0 Comments